കൊച്ചി∙ താമരശ്ശേരി കമ്മാളൻകുന്നത്തിലെ അടച്ചിട്ട വാടകവീട്ടിൽ നടത്തിയ റെയ്ഡിൽ വിദേശമദ്യശേഖരവും എഴുപതിലേറെ വെടിയുണ്ടകളും പൊലീസ് കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച അർധരാത്രി താമരശ്ശേരി പൊലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 60 കുപ്പി വിദേശമദ്യവും വെടിയുണ്ടകളും കണ്ടെടുത്തത്. വീട് വാടകയ്ക്കെടുത്ത നെല്ലിപ്പൊയിൽ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദേശമദ്യം നിയമവിരുദ്ധമായി വിൽപന നടത്തുന്നതിനാണ് ഇവിടെ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. എംപാനൽ ഷൂട്ടർമാർ മൃഗങ്ങളെ വേട്ടയാടാനും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള എഴുപതോളം വെടിയുണ്ടകൾ എന്തിനാണ് ഇവിടെ ശേഖരിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല. പരിശോധനയിൽ വെടിയുണ്ടകൾ കണ്ടെത്തിയെങ്കിലും അവ ഉപയോഗിക്കുന്ന തോക്ക് സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടില്ല.






