Headlines

മോദിയെ ഫോട്ടോയിൽനിന്ന് വെട്ടി, ഷെരീഫ് ‘മധ്യത്തിൽ’; പാക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് വിവാദത്തിൽ, തിരുത്ത്

 

ന്യൂഡൽഹി∙ കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‍സിഒ) ഉച്ചകോടിയുടെ ഔദ്യോഗിക ഫൊട്ടോഗ്രഫിൽ പാക്ക് സർക്കാരിന്റെ എഡിറ്റിങ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ചില ലോകനേതാക്കളെ ഒഴിവാക്കി, പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ മധ്യഭാഗത്താക്കിയാണ് ഫോട്ടോ എഡിറ്റ് ചെയ്തത്. പാക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് പിന്നീട് ഈ ചിത്രം നീക്കി.

ഉച്ചകോടിക്ക് മുന്നോടിയായി അംഗരാജ്യങ്ങളുടെ തലവൻമാരും മുതിർന്ന ഉദ്യോഗസ്ഥരും ഒന്നിച്ചു നിൽക്കുന്നതായിരുന്നു ചിത്രം. ചിത്രത്തിൽ ഷാങ്ഹായ് സഹകരണ സംഘടനയുടെ ജനറൽ സെക്രട്ടറി നുർലാൻ യെർമെക്ബയേവ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവർ അടക്കമുള്ളവരുണ്ടായിരുന്നു.

ഷെരീഫ് നേതാക്കൾക്കൊപ്പം മധ്യഭാഗത്ത് നിൽക്കുന്ന രീതിയിലാണ് ചിത്രം എഡിറ്റ് ചെയ്തത്. ഷെരീഫിന്റെ സ്ഥാനം മധ്യഭാഗത്ത് ആയിരുന്നില്ല. വിവാദമായതോടെ, എല്ലാ നേതാക്കളും ഉൾപ്പെടുന്ന സമ്പൂർണ ചിത്രം പ്രധാനമന്ത്രിയുടെ ഓഫിസ് പങ്കുവച്ചു. റഷ്യ–യുക്രെയ്ൻ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നു റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനോടു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിക്കിടെ ആവശ്യപ്പെട്ടു.