ന്യൂഡൽഹി ∙ ആഗോള പ്രതിസന്ധികൾക്കിടയിലും രാജ്യം കൈവരിച്ച 7.8% സാമ്പത്തിക വളർച്ച കൂട്ടായ കരുത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റഗ്രാമിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്ത് നുണകൾ പരത്തി (ജൂട്ട് കി ഗൂഞ്ച്) നിരാശ പടർത്താൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി.വിദേശയാത്രകളും വിദേശങ്ങളിലെ ആഡംബര വിവാഹങ്ങളും അനാവശ്യമായ സ്വർണം വാങ്ങലുകളും വെട്ടിക്കുറച്ച് സമ്പൂർണ സ്വദേശി മന്ത്രം മുറുകെപ്പിടിക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. ‘‘രാജ്യത്തെ ജനങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 7.8% വളർച്ച രാജ്യം മുഴുവൻ സന്തോഷം നിറച്ചിരിക്കുകയാണ്. എന്നാൽ ഈ നേട്ടത്തിനായി ദൃഢനിശ്ചയത്തോടെ കഠിനാധ്വാനം ചെയ്ത ഭാരതത്തിലെ ജനങ്ങളെയാണ് ഞാൻ അഭിനന്ദിക്കുന്നത്. ഇത് നമ്മുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ്. ലോകം മുഴുവൻ യുദ്ധത്തിൽ മുഴുകിയിരിക്കുകയാണ്. എല്ലാ ഭാഗത്തുനിന്നും യുദ്ധവാർത്തകൾ മാത്രമാണ് വരുന്നത്. 2020 ലെ കോവിഡ് കാലം മുതൽ ഇന്നുവരെ ലോകത്ത് ഒരിടത്തും സുസ്ഥിരത ദൃശ്യമായിട്ടില്ല. എന്നിട്ടും ഇന്ത്യ അതിവേഗത്തിൽ മുന്നോട്ട് കുതിക്കുകയാണ്’’ – പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിനുള്ളിൽ ഇരുന്ന് കടുത്ത നിരാശയും നുണകളും പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നു പ്രതിപക്ഷത്തിന്റെ ‘ഛാത്രോം കി ഗൂഞ്ച്’ പ്രചാരണത്തെ പരാമർശിച്ച് മോദി കുറ്റപ്പെടുത്തി. ‘‘ഇന്ത്യയ്ക്കുള്ളിൽ തന്നെയുള്ള ചില ആളുകൾ നിരാശയുടെ ആഴങ്ങളിൽ മുങ്ങിത്താണിരിക്കുകയാണ്. അവർ ചുറ്റും നിരാശ പടർത്താൻ ശ്രമിക്കുന്നു. എന്നാൽ ഈ തടസങ്ങളെയെല്ലാം ഭേദിച്ച് രാജ്യം 7.8% വളർച്ച കൈവരിച്ചിരിക്കുന്നു. വികസനത്തിന്റെ ഈ വേഗത നിലനിർത്താൻ വോക്കൽ ഫോർ ലോക്കൽ, സ്വദേശി എന്നീ മന്ത്രങ്ങൾ രാജ്യം പൂർണമായി ഏറ്റെടുക്കേണ്ടതുണ്ട്’’ – പ്രധാനമന്ത്രി പറഞ്ഞു.
സ്വദേശി പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ജനങ്ങളുടെ ആഡംബര ചെലവുകൾക്കു നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. ‘‘നിങ്ങൾ വെറുതെ കാഴ്ചകൾ കാണാൻ വേണ്ടി മാത്രം വിദേശത്തേക്കു യാത്ര ചെയ്യരുത്. വിദേശ രാജ്യങ്ങളിൽ പോയി വിവാഹങ്ങൾ നടത്തുന്നത് പൂർണമായി ഒഴിവാക്കണം. നമുക്ക് ‘വെഡ്ഡിങ് ഇൻ ഇന്ത്യ’ എന്ന മന്ത്രവുമായി മുന്നോട്ടു പോകാം. വലിയ ആവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നതുപോലും ജനങ്ങൾ ഒഴിവാക്കണം. നമ്മൾ എത്രത്തോളം സ്വദേശി ഉൽപന്നങ്ങൾക്കും സ്വാശ്രയത്വത്തിനും മുൻഗണന നൽകുന്നുവോ, അത്രത്തോളം വേഗത്തിൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വികസിത ഭാരതമായി മാറും. വരുംതലമുറയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ 140 കോടി ജനങ്ങളും ഒന്നിച്ചു മുന്നേറണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.








