ബാങ്കോക്ക് ∙ തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ ബാറിലെ ബിൽ അടയ്ക്കാൻ പണമില്ലാതിരുന്ന പതിനെട്ടുകാരിയുടെ തല മുണ്ഡനം ചെയ്ത് ബാർ ജീവനക്കാർ. ബാങ്കോക്കിലെ പിൻക്ലാവോ പ്രദേശത്തുള്ള ബാറിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്.
ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് പ്രകാരം, വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് പതിനെട്ടുകാരി ബാറിനുള്ളിൽ പ്രവേശിച്ചത്. വൻതോതിൽ ഭക്ഷണവും മദ്യവും ഓർഡർ ചെയ്ത യുവതിക്ക് ഒടുവിൽ ലഭിച്ച ബിൽ തുക 60,000 തായ് ബാറ്റ് ആയിരുന്നു (ഒന്നര ലക്ഷം രൂപ). എന്നാൽ തുക നൽകാതെ യുവതി അവിടെനിന്നു മുങ്ങാൻ ശ്രമിച്ചതോടെ ബാർ ജീവനക്കാർ ഇവരെ തടഞ്ഞുവച്ചു.
ബില്ലിലെ തുകയുടെ ഒരു ഭാഗം ഈടാക്കുന്നതിനായി യുവതിയുടെ തലമുടി വിൽക്കാനുള്ള ഒരു കരാറിൽ ജീവനക്കാർ യുവതിയെക്കൊണ്ടു നിർബന്ധിതമായി ഒപ്പുവയ്പ്പിച്ചു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയിൽ, യുവതി കടുത്ത മാനസിക സമ്മർദ്ദത്തോടെ ഇതിനു സമ്മതിക്കുന്നതു കാണാം. ‘‘ഞാൻ നിന്നെ ചൂഷണം ചെയ്യുകയല്ല, ഇതു വിപണിയിലെ കൃത്യമായ വിലയാണ്’’ – എന്ന് ക്യാമറയ്ക്കു പിന്നിലുള്ള ഒരാൾ പറയുന്നത് വിഡിയോയിൽ കേൾക്കാം. ഇതിനു പിന്നാലെ ഒരു ഇലക്ട്രിക് ട്രിമ്മർ ഉപയോഗിച്ച് യുവതിയുടെ തോളറ്റം വരെയുണ്ടായിരുന്ന കറുത്ത മുടി പൂർണമായും വടിച്ചെടുക്കുകയായിരുന്നു. മുടി വിൽക്കാനോ അല്ലെങ്കിൽ ദാനം ചെയ്യാനോ വേണ്ടിയാണ് ഇവർ എടുത്തതെന്നാണ് റിപ്പോർട്ട്.






