Headlines

തിരഞ്ഞെടുപ്പു തോൽവി മറയ്ക്കാൻ ‘രക്ഷാപ്രവർത്തനം’: പഴിയെല്ലാം പ്രവർത്തകർക്ക്, പാർട്ടിലൈൻ വിട്ട് പിണറായി

 

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി തോറ്റതിനെക്കുറിച്ചുള്ള വിശദമായ ചർച്ചയ്ക്കും തിരുത്തലിനുമായി വിപുലീകൃത സംസ്ഥാന സമിതിയോഗം ചേരാനിരിക്കെ, തോൽവിയുടെ പഴി പ്രവർത്തകർക്കുമേൽ ചാർത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ‘രക്ഷാപ്രവർത്തനം’. പാർട്ടിക്കെതിരെ വോട്ട് ചെയ്ത പ്രവർത്തകരാണു തെറ്റു ചെയ്തതെന്നും അവർ തിരുത്തണമെന്നും തളിപ്പറമ്പിലും പയ്യന്നൂരിലുമായി വിളിച്ചുചേർത്ത യോഗങ്ങളിലെ പിണറായിയുടെ വിശദീകരണം പാർട്ടിയുടെ അവലോകന റിപ്പോർട്ടിനു വിരുദ്ധം.

പൊളിറ്റ് ബ്യൂറോ (പിബി) അംഗങ്ങൾ നിരീക്ഷകരായെത്തുന്ന വിപുലീകൃത സംസ്ഥാന സമിതിയോഗത്തിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമുയർന്നേക്കാമെന്ന കണക്കുകൂട്ടലിൽ, യോഗത്തിന്റെ അജൻഡ നിശ്ചയിക്കുകയാണു ലക്ഷ്യമെന്നു കരുതുന്നവരുണ്ട്. പയ്യന്നൂരിൽ വി.കുഞ്ഞിക്കൃഷ്ണന്റെയും തളിപ്പറമ്പിൽ ടി.കെ.ഗോവിന്ദന്റെയും തെറ്റായ പ്രചാരണങ്ങളിൽ അണികൾ വീണുപോയെന്നും തെറ്റുപറ്റിയവർ ഇനിയെങ്കിലും തിരുത്തണമെന്നും പിണറായി പറയുമ്പോൾ, പാർട്ടി രേഖകളിൽ ഇങ്ങനെയൊരു പരാമർശമേയില്ല. സംസ്ഥാന കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിൽ (ഖണ്ഡിക 7.3) തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർഥി നിർണയമാണു പിഴച്ചതെന്ന് ഏറ്റുപറയുന്നു. ‘സ്ഥാനാർഥി നിർണയത്തിലെ വീഴ്ച കണ്ണൂർ ജില്ലാ കമ്മിറ്റി സമ്മതിക്കുന്നു. ജില്ലാ കമ്മിറ്റി രണ്ടിടത്തും നിർദേശിച്ച പേരുകൾക്ക് അംഗീകാരം നൽകിയതിൽ സംസ്ഥാന കമ്മിറ്റിക്കും സംസ്ഥാന സെക്രട്ടേറിയറ്റിനും വീഴ്ചപറ്റി’– റിപ്പോർട്ടിൽ പറയുന്നു.

കുഞ്ഞിക്കൃഷ്ണനും ഗോവിന്ദനും ജി.സുധാകരനും ജയിച്ചതിനെക്കുറിച്ചു കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിൽ (ഖണ്ഡിക 38) പറയുന്നതിങ്ങനെ: ‘പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ ഈ 3 പേരും ജയിച്ചതിൽനിന്നു പാ‍ർട്ടി പാഠം പഠിക്കണം. പാർലമെന്ററി അവസരവാദം വളരുകയാണ്. മറ്റൊന്ന്, പാർട്ടി നേതൃത്വവും പ്രവർത്തകരും തമ്മിലുള്ള അകലം വർധിച്ചുവെന്നാണ്. പരമ്പരാഗതമായ ബഹുജന അടിത്തറ ഒലിച്ചുപോകുന്നു. പാർലമെന്ററി അവസരവാദത്തിനെതിരെ പോരാടുന്നതിനൊപ്പം, നേതാക്കളും അണികളും തമ്മിലുള്ള വിടവ് നികത്തുകയും വേണം.’

 

വിമതർ ജയിച്ച പാർട്ടി കോട്ടകളിൽ നേതാക്കളും പ്രവർത്തകരും തമ്മിലുള്ള ബന്ധം നഷ്ടമായെന്നു പാർട്ടി കണ്ടെത്തുമ്പോഴാണ് ഇതിനു വിരുദ്ധമായി, വിമതർക്ക് വോട്ടു ചെയ്തവരാണു തെറ്റുകാരെന്ന ആഖ്യാനത്തിനു മുതിർന്നനേതാവുതന്നെ ശ്രമിക്കുന്നത്. വിമതരുടെ പ്രചാരണത്തിൽ പ്രവർത്തകർ വീണുപോയതാണു തളിപ്പറമ്പിലും പയ്യന്നൂരിലും സംഭവിച്ചതെങ്കിൽ, ധർമടത്തു പിണറായി വിജയന്റെ ഭൂരിപക്ഷം 50123ൽനിന്ന് 19247 വോട്ടായി കുറഞ്ഞത് എങ്ങനെ വിശദീകരിക്കുമെന്ന ചോദ്യവും പാർട്ടിയിലുണ്ട്.

സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട്ടുചേരുന്ന വിപുലീകൃത സംസ്ഥാന സമിതിയിൽ ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ 9 പിബി അംഗങ്ങൾ പങ്കെടുക്കും. അശോക് ധാവ്ള, കെ.ബാലകൃഷ്ണൻ, യു.വാസുകി, വിജു കൃഷ്ണൻ, ബി.വി.രാഘവുലു, എ.വിജയരാഘവൻ എന്നിവരാണു പിണറായിയെയും എം.വി.ഗോവിന്ദനെയും കൂടാതെ പങ്കെടുക്കുക. യോഗത്തിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ട് തയാറാക്കാനുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെയും മറ്റന്നാളും സംസ്ഥാന സമിതിയോഗങ്ങൾ 7,8 തീയതികളിലും ചേരും.