Headlines

മദ്യപിക്കുന്നതിനിടെ ചിക്കൻ കഷണങ്ങളെച്ചൊല്ലി തർക്കം; യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു

 

ബെംഗളൂരു ∙ കർണാടകയിലെ ബെളഗാവി ജില്ലയിൽ ഒന്നിച്ച് മദ്യപിക്കുന്നതിനിടെ ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. കൊലപാതകത്തിനു ശേഷം സംഭവം അപകടമാണെന്ന് വരുത്തിത്തീർക്കാൻ പ്രതി ശ്രമിച്ചെങ്കിലും പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ പ്രതി കുടുങ്ങി. ഉത്തർപ്രദേശ് പിലിഭിത് ജില്ലയിലെ കബീർഗഞ്ച് സ്വദേശിയായ സീതാറാം ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സീതാറാമും പ്രതിയായ അരുൺ കുമാറും ഒരേ നാട്ടുകാരാണ്. ഇരുവരും മൂഡലഗിയിലെ പ്രിയ സ്റ്റീൽ കമ്പനിയിലെ ജീവനക്കാരായിരുന്നു. സംഭവദിവസം രാത്രി സുഹൃത്തുക്കൾ ഒരുമിച്ച് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിനിടയിലാണ് തർക്കങ്ങളുടെ തുടക്കം. കൂട്ടത്തിൽ ഒരാൾ ചിക്കൻ കഷണങ്ങൾ കൂടുതൽ കഴിച്ചുവെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടാവുകയായിരുന്നു. തർക്കം കടുത്തതോടെ പ്രകോപിതനായ അരുൺ കുമാർ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സീതാറാമിന്റെ നെഞ്ചിലേക്ക് ആഴത്തിൽ കുത്തിയിറക്കുകയായിരുന്നു.കുത്തിയതിനു പിന്നാലെ ഗുരുതരമായി പരുക്കേറ്റ സീതാറാമിനെ പ്രതി അരുൺ കുമാർ ഗോകാക് സർക്കാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, പൊലീസിനെയും ഡോക്ടർമാരെയും ഭയന്ന ഇയാൾ, സീതാറാം കെട്ടിടത്തിനു മുകളിൽ നിന്നും അബദ്ധത്തിൽ താഴേക്ക് വീണതാണെന്ന് അവകാശപ്പെടുകയായിരുന്നു. എന്നാൽ, നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവ് കണ്ട ഡോക്ടർമാർക്ക് ഇയാളുടെ വിശദീകരണത്തിൽ കടുത്ത സംശയം തോന്നി. ഉടൻ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് അരുൺ കുമാറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് ചിക്കൻ കഷണങ്ങളെച്ചൊല്ലി നടന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ചോദ്യം ചെയ്യലിൽ താൻ തന്നെയാണ് സീതാറാമിനെ കുത്തിയതെന്ന് പ്രതി സമ്മതിച്ചു. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് സീതാറാം മരിച്ചത്. സംഭവത്തിൽ പൊലീസ് കൊലപാതകക്കുറ്റത്തിനു കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.