ശിവഗിരി മഠത്തിന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള അഫിലിയേറ്റഡ് സെന്ററായ യു.കെ.യിലെ ശിവഗിരി ആശ്രമത്തില്‍ 172-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരവുമായി ആഘോഷിച്ചു. യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍നിന്നായി കുട്ടികളും യുവജനങ്ങളും കുടുംബങ്ങളും ഉള്‍പ്പെടെ അഞ്ഞൂറോളം ഗുരുഭക്തര്‍ പങ്കെടുത്ത ആഘോഷം പ്രവാസഭൂമിയിലെ ഗുരുഭക്തരുടെ അപൂര്‍വ സംഗമമായി മാറി.
രാവിലെ ഒന്‍പതിന് മഹാഗുരുപൂജയോടെയാണ് ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഗുരുദേവ കൃതികള്‍ കോര്‍ത്തിണക്കിയ ഗുരുഭജനങ്ങള് ആശ്രമാന്തരീക്ഷത്തെ ഭക്തിസാന്ദ്രമാക്കി. തുടര്‍ന്ന് ഗുരുദേവന്റെ സമത്വദര്‍ശനവും വിശ്വമാനവിക സന്ദേശവും വിളിച്ചോതിയ വര്‍ണ്ണശബളമായ ജയന്തി ഘോഷയാത്ര നടന്നു.
നേപ്പാളിലുണ്ടായ പ്രളയത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് ജയന്തി സമ്മേളനത്തിന് തുടക്കം കുറിച്ചത്. ദുരന്തത്തില്‍ ജീവന് പൊലിഞ്ഞവരുടെ ആത്മശാന്തിക്കായി സദസ്സ് പ്രാര്‍ത്ഥിക്കുകയും ചെയ്തു.തുടര്‍ന്ന് നടന്ന ജയന്തി സമ്മേളനം മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.
പ്രവാസജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും ശ്രീനാരായണ ഗുരുദേവ ദര്‍ശനം മുറുകെപ്പിടിക്കുകയും അത് സമൂഹത്തിലേക്ക് പകര്ന്നുനല്കുകയും ചെയ്യുന്ന യു.കെ.യിലെ ശിവഗിരി ആശ്രമത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് വി.പി. നന്ദകുമാര്‍ പറഞ്ഞു. സമത്വം, സാഹോദര്യം, മാനവികത എന്നിവയില്‍ അധിഷ്ഠിതമായ ഗുരുദേവ സന്ദേശം പുതുതലമുറയിലേക്ക് പകര്ന്നുനല്കുന്നതില് പ്രവാസി സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശിവഗിരി ആശ്രമം യു.കെ. പ്രസിഡന്റ് ബൈജു പാലയ്ക്കല്‍ ജയന്തി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തെ പ്രതിനിധീകരിച്ച് ശ്രീമത് വീരേശ്വരാനന്ദ സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തി. ലണ്ടന്‍ യൂണിവേഴ്സിറ്റി റിട്ട. പ്രഫസര്‍ അലക്സ് ഗ്യാത്ത് മുഖ്യാതിഥിയായിരുന്നു.
മുംബൈ ശ്രീനാരായണ മന്ദിര്‍ സമിതി ബോര്‍ഡ് അംഗം വി.പി. മോഹന്‍ദാസ്, സജീഷ് ദാമോദരന്‍, കലാ ജയന്, അനില്‍കുമാര്‍ ശശിധരന്, രസി കുമാര്‍ രവീന്ദ്രന്, സിബി കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗണേശ് ശിവന് സ്വാഗതവും അനില്‍കുമാര്‍ രാഘവന് നന്ദിയും പറഞ്ഞു.
മഹാഗുരുപൂജയ്ക്കും മറ്റ് പൂജാചടങ്ങുകള്ക്കും സുനീഷ് ശാന്തി, ദീപു ശാന്തി, സിറില്‍ ശാന്തി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
യു.കെ.യിലെ വിവിധ കുടുംബ യൂണിറ്റുകളിലെ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും ഗുരുഭജനങ്ങളും ആഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറപ്പകിട്ടേകി. കുട്ടികളുടെയും യുവജനങ്ങളുടെയും സജീവ പങ്കാളിത്തവും ആഘോഷത്തിന്റെ ശ്രദ്ധേയമായ സവിശേഷതയായി.







