താഷ്കന്റ്∙ ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ഔദ്യോഗിക ബഹുമതിയായ ‘ഓർഡർ ഓഫ് ഓലേ ദരാജലീ ദൂസ്ത്ലീക്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ആഴമേറിയ ബന്ധത്തിനുള്ള അംഗീകാരമായാണ് ബഹുമതി. ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവ് നരേന്ദ്ര മോദിക്ക് പുരസ്കാരം സമ്മാനിച്ചു.
ബഹുമതിക്ക് തന്റെ സഹോദരനായ മിർസിയോയേവിന് നന്ദി പറയുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഗ്ലോബൽ സൗത്തിന്റെയും മാനവരാശിയുടെയും ക്ഷേമത്തിനായി ഇന്ത്യയും ഉസ്ബെക്കിസ്ഥാനും ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എന്റെ സുഹത്തും ഉസ്ബെക്കിസ്ഥാനിലെ സാമ്പത്തിക വിപ്ലവത്തിന്റെ പിതാവുമായ മിർസിയോയേവ്, വികസനത്തിൽ പുതിയ ഉയരങ്ങൾ തീർത്ത് മേഖലയ്ക്കാകെ മാതൃകയാവുകയാണ്. ഈ രണ്ടു ദിവസത്തെ സന്ദർശനം എന്നും ഓർത്തിരിക്കും’–പ്രധാനമന്ത്രി പറഞ്ഞു.
ദ്വിദിന സന്ദർശനത്തിനായി ശനിയാഴ്ച രാത്രി ഉസ്ബെക്കിസ്ഥാനിലെത്തിയ മോദിക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. മിർസിയോയേവ് നേരിട്ടെത്തിയാണ് മോദിയെ സ്വീകരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള മാർഗങ്ങളെക്കുറിച്ച് ഉന്നതതല സംഘം ചർച്ച നടത്തി.









