Headlines

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 768 ആയി; ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്ന്

 

 

കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 768 മരണമാണ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്നാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 259 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. 2502 പേരെ ഇനി കണ്ടെത്താനായിട്ടുണ്ട്. ഇതുവരെ 8730 പേരെയാണ് രക്ഷപ്പെടുത്തിയതെന്ന് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

 

 

മിന്നൽ പ്രളയമുണ്ടായി അഞ്ചാം നാളിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.278 ഇന്ത്യക്കാർ അടക്കം 2502 പേരെയാണ് ഇനിയും കണ്ടെത്താൻ ഉള്ളത്. ഇതിന് പുറമെ ടിബറ്റ് മേഖലയിൽ 49 ഇന്ത്യക്കാരെ കാണാതായാതായി ചൈന അറിയിച്ചു. രക്ഷാ പ്രവർത്തനം അന്തിമ ഘട്ടത്തിലാണെന്നും, ഇന്ത്യയുടെ എല്ലാ സഹായങ്ങൾക്കും നന്ദിയെന്നും നേപ്പാൾ വിദേശകാര്യ മന്ത്രി ഷിസിർ ഖനാൽ ട്വന്റിഫോറിനോട് പറഞ്ഞു.

 

ഇന്ത്യയിൽ നിന്നുള്ള തുരങ്ക രക്ഷാപ്രവർത്തന സംഘവും നേപ്പാളിൽ എത്തി. ഡിഎൻഎ പരിശോധനയ്ക്കുള്ള ഫോറൻസിക് വിദഗ്ധരും നേപ്പാളിൽ പ്രവർത്തനം ആരംഭിച്ചു. എന്നാൽ താൽക്കാലിക തടയണകൾ തകരാൻ സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തകർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. അതേസമയം, ഊർജ്ജ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ഇന്ത്യയിൽ നിന്ന് മുൻകൂറായി വൈദ്യുതി ഇറക്കുമതി ചെയ്യാൻ നേപ്പാൾ അനുമതി തേടി. വിഷയം ഉഭയ കക്ഷി കരാർ പ്രകാരം ഇന്ത്യ പരിശോധിച്ചു വരികയാണ്.