Headlines

ഇറാൻ സമ്പദ്‌വ്യവസ്ഥയെ ലക്ഷ്യമിട്ട് യുഎസ് ഉപരോധം: പട്ടികയിൽ ഇന്ത്യൻ കമ്പനികളും പൗരന്മാരും

വാഷിങ്ടൻ∙ ഇറാൻ സമ്പദ്‌വ്യവസ്ഥയെ ലക്ഷ്യമിട്ട് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിച്ച പുതിയ ഉപരോധങ്ങളിൽ നാല് ഇന്ത്യൻ കമ്പനികളും. ഇറാനിൽനിന്ന് പെട്രോളിയം, പെട്രോകെമിക്കൽ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തതിനാണ് ഈ കമ്പനികൾക്കെതിരെ അമേരിക്ക നടപടിയെടുത്തത്. കമ്പനികളുമായി ബന്ധമുള്ള ഇന്ത്യൻ പൗരന്മാർക്കെതിരെയും ഉപരോധമുണ്ട്. ഇന്ത്യയിലേക്ക് ഇറാനിയൻ പെട്രോകെമിക്കൽ ഉൽപന്നങ്ങൾ എത്തിക്കാൻ ഇവർ സൗകര്യമൊരുക്കിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇറാന്റെ വരുമാന സ്രോതസുകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന ക്യാംപെയ്ൻ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണു നടപടി.

പോർട്ടീസ് പാർട്ണേഴ്സ് എൽഎൽപി എന്ന സ്ഥാപനവും അതിന്റെ പങ്കാളികളായ ഇദ്രിസ്മിയ അഷറഫ്മിയ ഷെയ്ഖ്, ഹരീഷ് രാമചന്ദ്ര രംഗി എന്നിവരും ഉപരോധ പട്ടികയിലുണ്ട്. 2024 ഫെബ്രുവരി മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ ഏകദേശം 6.9 കോടി ഡോളറിന്റെ ഇറാനിയൻ പെട്രോളിയം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്ത സദാശിവ ഓവർസീസ് ലിമിറ്റഡ്, 2024 ജനുവരി മുതൽ 2025 ജൂൺ വരെ 2.5 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്ത പി.പി സോഫ്റ്റ്‌ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടർ പ്രശാന്ത് ഗാർഗ് എന്നിവരും ഉപരോധ പട്ടികയിലുണ്ട്. 2023 മേയ് മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിൽ 2.5 കോടി ഡോളർ മൂല്യമുള്ള ഇറാനിയൻ പെട്രോളിയം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്ത പ്രകൃതീഷ് ഇൻഫ്രാ ഇംപെക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും ഉപരോധം ഏർപ്പെടുത്തി.

ഇറാനിൽനിന്നുള്ള പെട്രോകെമിക്കൽ ഉൽപന്നങ്ങളുടെ വാങ്ങൽ, വിപണനം എന്നിവയിൽ ബോധപൂർവം പങ്കാളികളായതിനാണു കമ്പനികൾക്കെതിരെ നടപടിയെടുത്തത്. ഉപരോധ പട്ടികയിലുള്ള അഷറഫ്മിയ ഷെയ്ഖ്, ഹരീഷ് രാമചന്ദ്ര രംഗി, പ്രശാന്ത് ഗാർഗ് എന്നിവർ ഇന്ത്യൻ പൗരന്മാരാണ്. ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്. മറ്റ് രാജ്യങ്ങൾ ഈ ഉപരോധത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നീക്കത്തിന്റെ വിജയം.