ഓണ തിരക്കിൽ മലയാളികൾ: തിരുവോണത്തെ വരവേൽക്കാൻ നാടാകെയൊരുങ്ങി

തിരുവനന്തപുരം: തിരുവോണത്തെ വരവേൽക്കാൻ നാടാകെയൊരുങ്ങി. അവധിദിനമായ ഇന്ന് മാർക്കറ്റുകളിൽ തിരക്കേറി. നാട്ടിൽപുറങ്ങളിൽ ക്ലബ്ബുകളും കുടുംബശ്രീകളും കേന്ദ്രീകരിച്ച് ഓണാഘോഷവും ഓണക്കളികളും പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും.

പൊന്നിൻ ചിങ്ങം പിറന്നതിൽ പിന്നെ മലയാളികളുടെ മനസ്സിൽ ഓണത്തിന്റെ താളമാണ്. തിരുവോണത്തിന് മൂന്ന് നാൾ ബാക്കിനിൽക്കെ നാടും നഗരവും ഓൺവൈബിലാണ്. പരീക്ഷ കഴിഞ്ഞ് കുട്ടികളും ഇറങ്ങിയതോടെ നാടാകെ ഓണാഘോഷം പൊടിപൊടിയ്ക്കുകയാണ്. ഇന്ന് ഞായറായതിനാൽ, ഓണക്കളികളുടെ ആരവമാണ് എങ്ങും.

ഓണം വരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം കനകകുന്നിൽ കൊടിയേറ്റും, ഫുഡ്‌ ഫെസ്റ്റും, ഇല്യുമിനേഷന്റെ ഉദ്ഘടനവും നടന്നു. ശശി തരൂർ എം പി, മന്ത്രി കെ മുരളീധരൻ, മന്ത്രി പി സി വിഷ്ണുനാഥ്‌ എന്നിവരാണ് ഉദ്ഘാടനം നിർവഹിച്ചത്. സർക്കാരും മാവേലിയും ഒരുപോലെയാണെന്നും, എല്ലാവരും ഒരുപോലെ ജീവിക്കണം എന്നതാണ് സർക്കാരിന്റയും മാവേലിയുടെയും ആഗ്രഹമെന്നും ശശി തരൂർ പറഞ്ഞു.
ഉത്രാടപ്പാച്ചിലിനെ ഓർമ്മപ്പെടുത്തുന്ന തിരക്കായിരുന്നു പലയിടങ്ങളിലും ഇന്ന്. അവസാനഘട്ട പർചെയിസിനായുള്ള പാച്ചിലാണ് എല്ലായിടത്തും.