Headlines

വാഹനത്തിലിട്ട് നാല് പൊലീസുകാർ മാറി മാറി മർദ്ദിച്ചു; 23 കാരന്റെ ജനനേന്ദ്രിയം തകർത്തു; പത്തനംതിട്ടയിൽ വീണ്ടും പോലീസ് മർദനം

പത്തനംതിട്ട: വീണ്ടും പോലീസ് മർദനം. പൊലീസ് ആക്രമണത്തിൽ 23 കാരന്റെ ജനനേന്ദ്രിയം തകർന്നതായി പരാതി. കൊല്ലം ശാസ്താംകോട്ട പൊലീസിനെതിരെ അടൂർ സ്വദേശിയാണ് പരാതി നൽകിയത്. പോക്സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസുകാരാണ് യുവാവിനെ കാറിൽ കയറ്റി കൊണ്ടുപോയി മർദ്ദിച്ചത്. പൊലീസ് വാഹനത്തിലിട്ട് നാല് പൊലീസുകാർ മാറി മാറി തന്നെ മർദ്ദിച്ചുവെന്ന് യുവാവ് പറയുന്നു.

ജനനേന്ദ്രിയം പിടിച്ചു ഞെരിച്ചെന്നും ‌‌മൂത്രമൊഴിക്കാൻ പ്രശ്‌നമുണ്ടെന്നും യുവാവ് പറയുന്നു. സർജറി നടത്തിയാലേ പ്രത്യുൽപാദന ശേഷി തിരിച്ചു കിട്ടുകയെന്ന് ഡോക്‌ടർ പറഞ്ഞു. തൻ്റെ അമ്മയെ മോശമായി പറഞ്ഞുവെന്നും യുവാവ് പറയുന്നു. പൊലീസുകാർ വാഹനത്തിലിരുന്ന് മദ്യപിക്കുന്നുണ്ടായിരുന്നു. കുറ്റം ഏറ്റെടുക്കാൻ നിർബന്ധിച്ചായിരുന്നു മർദ്ദനം.ജാതി പറഞ്ഞ് ആക്ഷേപിച്ചെന്നും ആരോപണം.

വാഹനത്തിന്റെ മുന്നിലിരുന്ന എസ്‌ഐ കോളര്‍ വലിച്ച് മുന്നോട്ടുവെച്ചെന്നും മറ്റ് പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചെന്നും യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മെയ് 29നായിരുന്നു സംഭവം. അടൂരില്‍ വെച്ചാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഓടി കൊണ്ടിരുന്ന വാഹനത്തില്‍ വെച്ചായിരുന്നു ക്രൂര മര്‍ദനം.