Headlines

ജില്ലാ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും സ്പെഷാലിറ്റി ചികിത്സാ സേവനം: 6 മാസത്തിനുള്ളിൽ നടപ്പാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും സ്പെഷാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ. ആറുമാസത്തിനുള്ളിൽ ഇത് നടപ്പാക്കുമെന്നും ഗുണമേന്മയുള്ള ആരോഗ്യ സേവനം തടസമില്ലാതെ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ആദ്യഘട്ടമായി എല്ലാ ജില്ലകളിലും ഓരോ ആശുപത്രിയിൽ സേവനം ഉറപ്പാക്കും. ഘട്ടംഘട്ടമായി വ്യാപിപ്പിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മെഡിസിൻ, സർജറി, ഓർത്തോ, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ സ്പെഷാലിറ്റി സേവനങ്ങളാണ് ഉറപ്പാക്കുന്നത്. ഇതോടെ ജനങ്ങൾക്ക് വീടിനു സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കും. ശസ്ത്രക്രിയകൾ ഉൾപ്പെടെ ജില്ലാ ജനറൽ ആശുപത്രികളിൽ രാത്രികാലങ്ങളിലും കാര്യക്ഷമമാകുന്നതോടെ മെഡിക്കൽ കോളജുകളിലെ അമിതമായ തിരക്ക് നിയന്ത്രിക്കാനാകും.രോഗികൾക്ക് ചികിത്സ,മരുന്ന്, കിടക്ക എന്നിവ അവകാശമായി പ്രഖ്യാപിച്ച് രോഗീ സൗഹൃദ ആശുപത്രികൾ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് സ്‍പെഷാലിറ്റി സേവനങ്ങൾ 24 മണിക്കൂർ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.പദ്ധതിയുടെ ഏകോപനത്തിനായി ആരോഗ്യവകുപ്പ് അഡ്മിനിസ്ട്രേഷൻ ആൻഡ് ട്രെയിനിങ് വിഭാഗം അഡീഷണൽ ഡയറക്ടർ ഡോ. ഷിനു കെ.എസിനെ സ്പെഷൽ ഓഫിസറായി നിയമിച്ചു. സ്പെഷൽ ഓഫിസറുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആശുപത്രികളിലെ നിലവിലെ സൗകര്യങ്ങൾ വിലയിരുത്തും. ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കിയാണ് 24 മണിക്കൂറും സ്‍പെഷാലിറ്റി സേവനം ലഭ്യമാക്കുന്നത്. ഇതിനായി ആവശ്യമായ മെഡിക്കൽ, നഴ്സിങ്, പാരാമെഡിക്കൽ ജീവനക്കാരുടെ കണക്കെടുപ്പ് നടത്തി കൃത്യമായി വിന്യസിക്കും. ആശുപത്രികളിൽ ഇതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും സ്ഥാപനങ്ങളുമായും ഏകോപനം നടത്തി സമയബന്ധിതമായി പദ്ധതി നടപ്പാക്കാനും പദ്ധതിയുടെ പുരോഗതി നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും നോഡൽ ഓഫിസറെ ചുമതലപ്പെടുത്തി.