Headlines

ഹെലികോപ്റ്ററിൽ പറന്നിറങ്ങി ഇന്ത്യൻ നാവികനെ ‘തൂക്കി’ ബ്രിട്ടിഷ് കമാൻഡോകൾ; ബലിയാടാക്കുകയായിരുന്നുവെന്ന് ആരോപണം

ലണ്ടൻ ∙ ബ്രിട്ടിഷ് കമാൻഡോകൾ തന്റെ ഭർത്താവിനെ ബലിയാടാക്കുകയായിരുന്നുവെന്ന് ആരോപിച്ച് റഷ്യൻ ‘ഷാഡോ ഫ്ലീറ്റ്’ വിഭാഗത്തിൽപ്പെട്ട ‘സ്മിർട്ടോസ്’ എണ്ണക്കപ്പലിലെ ഇന്ത്യക്കാരനായ ക്യാപ്റ്റൻ അജയ് പന്തിന്റെ (38) ഭാര്യ റിതു പന്ത് രംഗത്ത്. ഉപരോധം ലംഘിച്ചതായി ആരോപിച്ചാണ് എണ്ണക്കപ്പലും ജീവനക്കാരെയും ബ്രിട്ടിഷ് കമാൻഡോകൾ പിടികൂടിയത്. കേസിൽ കുറ്റം തെളിഞ്ഞാൽ അജയ് പന്തിന് 10 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം.

ജൂൺ 14ന് ഇംഗ്ലിഷ് ചാനലിൽ വച്ചാണ് ബ്രിട്ടീഷ് സൈനിക കമാൻഡോകൾ ഹെലികോപ്റ്ററിൽ നിന്ന താഴെയിറങ്ങി ‘സ്മിർട്ടോസ്’ എന്ന എണ്ണക്കപ്പൽ പിടിച്ചെടുത്തത്. യുക്രെയ്ൻ അധിനിവേശത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ മറികടക്കാൻ റഷ്യ ഉപയോഗിക്കുന്ന രഹസ്യ കപ്പൽ ശൃംഖലയുടെ ഭാഗമാണ് ഈ കപ്പലെന്നാണ് ആരോപണം.

ജൂൺ അഞ്ചിന് റഷ്യൻ തുറമുഖമായ ഉസ്റ്റ്-ലുഗയിൽ നിന്ന് പുറപ്പെട്ട കപ്പൽ ഈജിപ്തിലെ പോർട്ട് സെയ്ദിലേക്കാണ് പോയിരുന്നത്. എന്നാൽ ഇംഗ്ലിഷ് ചാനൽ കടക്കുന്നതിനിടെ കമാൻഡോകൾ കപ്പൽ വളയുകയായിരുന്നു. യുകെ നടത്തിയ ഈ നീക്കം റഷ്യക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ വിശേഷിപ്പിച്ചിരുന്നു. ‘ഞാൻ ജയിലിലാണ്, എന്നെ പുറത്തെത്തിക്കൂ’– എന്നാണ് അറസ്റ്റിന് പിന്നാലെ തനിക്ക് വന്ന ഫോൺ കോളിൽ ഭർത്താവ് വേദനയോടെ പറഞ്ഞതെന്ന് റിതു പറഞ്ഞു.

അതേസമയം, കപ്പലിലെ 98,000 ടൺ എണ്ണയെക്കുറിച്ചും അതിന്റെ നിയമവശങ്ങളെക്കുറിച്ചും ക്യാപ്റ്റൻ എന്ന നിലയിൽ അജയ് പന്തിന് കൃത്യമായ അറിവുണ്ടായിരുന്നുവെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ കപ്പലിലെ ജീവനക്കാരൻ എന്ന നിലയിൽ മേലധികാരികളുടെ ഉത്തരവുകൾ പാലിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്ന് കപ്പലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഡിസംബർ 15ന് ആരംഭിക്കുന്ന വിചാരണ റഷ്യൻ ഉപരോധവുമായി ബന്ധപ്പെട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് നിർണായക പരീക്ഷണമായിരിക്കും. കപ്പലിനെയോ അതിന്റെ ഉടമകളെയോ ലക്ഷ്യമിടുന്നതിന് പകരം കപ്പൽ ക്യാപ്റ്റനെതിരെ ഉപരോധ ലംഘനത്തിന് ക്രിമിനൽ കുറ്റം ചുമത്തുന്ന യൂറോപ്പിലെ ആദ്യ കേസാണിത്. അജയ് പന്തിന് ആവശ്യമായ നയതന്ത്ര സഹായങ്ങൾ നൽകി വരുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ ഭൂരിഭാഗം പേരെയും നാടുകടത്തിയെങ്കിലും ക്യാപ്റ്റനെ മാത്രമാണ് കസ്റ്റഡിയിൽ വച്ചിരിക്കുന്നത്.

രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിൽ തങ്ങൾക്കിടയിൽപ്പെട്ട് ബലിയാടാകുമോ എന്ന ഭീതിയിലാണ് ആഗോളതലത്തിൽ ജോലി ചെയ്യുന്ന നാവികർ. കപ്പലിൽ കൊണ്ടുപോകുന്ന ചരക്ക് ഉപരോധ പട്ടികയിൽ ഉള്ളതാണോ എന്ന് സാധാരണ നാവികർക്ക് എപ്പോഴും തിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല. ലോകത്തെ ആകമാനമുള്ള നാവികരിൽ 3,20,000ത്തിലധികം പേർ ഇന്ത്യക്കാരായതിനാൽ പുതിയ സംഭവം ഇന്ത്യൻ നാവിക പ്രതിനിധികളിലും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.