Headlines

വിദ്യാർത്ഥികൾക്കെതിരായ എഫ്ഐആറുകൾ റദ്ദാക്കിയില്ല; കേന്ദ്രം യുവാക്കളെ വഞ്ചിച്ചു, രാജ്യവ്യാപക പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് സിജെപി

ഡൽഹി: വിദ്യാർത്ഥികൾക്കെതിരായ എഫ്ഐആറുകൾ റദ്ദാക്കാത്ത നടപടിയിൽ കേന്ദ്രത്തിനെതിരെ സിജെപി. കേന്ദ്രം യുവാക്കളെ വഞ്ചിച്ചു. കേസുകൾ പിൻവലിക്കാമെന്ന മന്ത്രിമാരുടെ ഉറപ്പ് ലംഘിക്കപ്പെട്ടതായി ആരോപണം. ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി അറിയിച്ചു. രണ്ട് ദിവസത്തിനകം ദേശീയ വർക്കിംഗ് കമ്മിറ്റി ചേർന്ന് അടുത്ത ഘട്ട സമരം പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പ്.

എന്നാൽ വിദ്യാർഥി പ്രതിഷേധക്കാർക്കെതിരായ പൊലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ പരിശോധിക്കാൻ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. വിരമിച്ച ജഡ്‌ജിമാർ, മുൻ ഡിജിപി, മുൻ സിബിഐ ഡയറക്‌ടർ, തുടങ്ങിയവരുൾപ്പെടുന്ന സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. പാനലിൽ ഉൾപ്പെടുത്തേണ്ട മറ്റ് അംഗങ്ങളെ സംബന്ധിച്ച് വിവിധ കക്ഷികളിൽ നിന്ന് നിർദേശങ്ങൾ ലഭിച്ച ശേഷം കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ ഉത്തരവ് ബുധനാഴ് പുറത്തിറക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മമല്യ ബാഗ്‌ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ജൂലൈ 20 ന് ഡൽഹിയിലെ പാർലമെൻ്റ് മാർച്ചിനിടെയുണ്ടായ അക്രമത്തിൻ്റെ വീഡിയോ ദൃശ്യങ്ങളും സിസിടിവി റെക്കോർഡിംഗുകളും പരിശോധനയ്ക്കായി ഉന്നതാധികാര സമിതിക്ക് കൈമാറാൻ സുപ്രീം കോടതി നിർദേശം ഉടൻ ഉണ്ടാകും. സമാന സംഭവത്തിൽ ഡൽഹിയിലെ മറ്റ് പ്രദേശങ്ങളിലുമുണ്ടായ അതിക്രമങ്ങളും ആരോപിക്കുന്ന വനിത പ്രതിഷേധക്കാർ നൽകിയ പരാതികളും ആരോപണങ്ങളും പാനൽ പരിശോധിക്കും.