ബെംഗളൂരു ∙ കർണാടകയിലെ ചാമരാജ്നഗർ ജില്ലയിലുള്ള കാവേരി വന്യജീവി സങ്കേതത്തിനു കീഴിലെ ഷാഗ്യ വനമേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. അന്തോണി സ്വാമി, പീറ്റർ, കുമാർ എന്നിവരാണ് മരിച്ചത്.വന്യമൃഗങ്ങളെ വേട്ടയാടാൻ ഒരു സംഘം കാട്ടിൽ കയറിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് വനംവകുപ്പ് സംഘം തിരച്ചിൽ നടത്തിയത്. ഉദ്യോഗസ്ഥരെ കണ്ടയുടൻ വേട്ടസംഘം വെടിയുതിർത്തെന്നും തുടർന്ന് സ്വയംരക്ഷാർഥം തിരിച്ചു വെടിവയ്ക്കുകയായിരുന്നു എന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം. സംഭവസ്ഥലത്ത് നിന്ന് നാടൻ തോക്കും മാൻ ഇറച്ചിയും കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. ഏറ്റുമുട്ടലിൽ ഒരു വനംവകുപ്പ് ജീവനക്കാരനും പരുക്കേറ്റിട്ടുണ്ട്. ഇയാളെ കൊള്ളെഗാലയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടു.അതേസമയം, വനംവകുപ്പിന്റെ വാദങ്ങൾ തള്ളി ഷാഗ്യ ഗ്രാമവാസികൾ രംഗത്തെത്തി. മൂവരെയും കസ്റ്റഡിയിലെടുത്ത ശേഷം വളരെ അടുത്തുനിന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് നാട്ടുകാർ ആരോപിച്ചു. മരിച്ചവർ കന്നുകാലികളെ മേയ്ക്കാൻ പോയതാണെന്നാണ് ബന്ധുക്കളുടെ വാദം. സംഭവത്തിൽ പ്രകോപിതരായ ഗ്രാമവാസികൾ ഷാഗ്യയിലെ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസ് ആക്രമിച്ചു. ഓഫിസിലെ ഉപകരണങ്ങളും വാഹനവും പ്രതിഷേധക്കാർ തല്ലിത്തകർത്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മൈസൂരുവിലെ കെ.ആർ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
കർണാടക വനത്തിൽ നായാട്ട് സംഘത്തെ കൊലപ്പെടുത്തി; വ്യാജ ഏറ്റുമുട്ടലെന്ന് ആരോപണം, വനം വകുപ്പ് ഓഫിസ് തകർത്ത് പ്രതിഷേധം









