Headlines

കൊച്ചുമകളെ യുവാവ് പീ‍ഡിപ്പിച്ചു, ആയുധവുമായി പ്രതിയെ തേടിയിറങ്ങി മുത്തശ്ശി; ചായക്കടയ്ക്ക് മുന്നിൽ വച്ച് വെട്ടി

കരൂർ∙ നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി. തമിഴ്നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ഒരു ചായക്കടയിലാണ് സംഭവം. സംഭവത്തിൽ 55കാരിയായ കുട്ടിയുടെ മുത്തശ്ശിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
കുട്ടിയുടെ മുത്തശ്ശിയും മുത്തച്ഛനും കൊളിത്തലൈക്ക് സമീപമുള്ള ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്. കുട്ടി മാതാപിതാക്കളോടൊപ്പം മറ്റൊരു ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. കുട്ടിയെ മുത്തശ്ശിയുടെ വീട്ടിലെത്തിക്കാൻ‍ അയൽവാസിയോട് മാതാവ് ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ കുട്ടിയെ തന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ വച്ച് കുട്ടിയെ പീഡിപ്പിച്ചു. പീഡനത്തിന് ശേഷം കുട്ടിയെ മുത്തശ്ശിയുടെ വീടിന് സമീപം ഉപേക്ഷിച്ച് യുവാവ് കടന്നുകളഞ്ഞു.
വീട്ടിലെത്തിയ കുട്ടി മുത്തശ്ശിയോട് സംഭവിച്ച കാര്യങ്ങൾ പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവം അറിഞ്ഞതിന് പിന്നാലെ മുത്തശ്ശി ആയുധവുമായി യുവാവിനെതേടിയിറങ്ങി. വെള്ളിയാഴ്ച കുളിത്തലൈയിലെ ഒരു ചായക്കടയ്ക്ക് അടുത്തുവച്ച് യുവാവിനെ കണ്ട മുത്തശ്ശി ഇയാളെ കയ്യിലുണ്ടായിരുന്ന വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. പത്തോളം വെട്ട് ഇയാൾക്ക് ഏറ്റിട്ടുണ്ടെന്നാണ് നിഗമനം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മുത്തശ്ശിയില്‍ നിന്ന് വടിവാൾ പിടിച്ചെടുക്കുകയും അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഗുരുതരമായ പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടിയുടെ കുടുംബാംഗങ്ങളിൽ നിന്ന് പരാതി ലഭിച്ചതായും പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.