MDMA കേസിലെ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ നുണകൾ നിരത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നവകേരള സദസുമായി ബന്ധപ്പെട്ട ലാത്തി ചാർജിന് ശേഷമാണ് കണ്ടത് എന്ന വാദം തെറ്റ്. 2023 ഡിസംബർ 10 നാണ് പെരുമ്പാവൂരിൽ നവകേരള സദസ് നടന്നത്. എന്നാൽ 2021 മുതൽ , MDMA കേസ് പ്രതി മുഹമ്മദ് ഹുസൈൻ പല തവണ വിഡി സതീശനുമായി ഒന്നിച്ച് ചിത്രം എടുത്തിട്ടുണ്ട്. ഈ പ്രതിയുടെ ത്യാഗങ്ങളെ കുറിച്ച് മുഖ്യമന്ത്രി ഏറെ പുകഴ്ത്തലുകളടക്കം നടത്തിയിരുന്നു.
സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ അല്ല, ടീമില്ല എന്ന വാദം എല്ലാം തെറ്റാണ്. എന്നാൽ പ്രതി പോസ്റ്റ് ചെയ്‌ത സമൂഹ മാധ്യമ പോസ്റ്റുകൾ എല്ലാം വി.ഡി സതീശനെ കുറിച്ചാണ്. സംസ്ഥാനത്ത് സോഷ്യൽ മീഡിയ അടിയന്തിരാവസ്ഥ നടപ്പാക്കുന്നു.പ്രതിപക്ഷനേതാവ് പറയുന്ന കാര്യങ്ങൾ പോലും അപ്രത്യക്ഷമാകുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. ഒരു ദേശീയ മാധ്യമത്തോട് സോഷ്യൽ മീഡിയയെ നിയന്ത്രിക്കണമെന്ന് പറഞ്ഞത് നമ്മളെല്ലാവരും കേട്ടതാണ്. മോദിയുടെ വഴിയിലൂടെ തന്നെയാണ് വി ഡി സതീശൻ സർക്കാരും നീങ്ങുന്നത് എന്നതിന്റെ സൂചനയാണിത് എം വി ഗോവിന്ദൻ പറഞ്ഞു.
മെറ്റയുമായി ബന്ധപ്പെട്ട് ഞാനൊന്നും ചെയ്തിട്ടില്ല എന്നാണ് സതീശൻ പറയുന്നത്. വി.ഡി സതീശനും നരേന്ദ്ര മോദിക്കും എതിരായ വാർത്ത മാത്രം തിരഞ്ഞ് പിടിച്ച് എങ്ങിനെ ഒഴിവാക്കുന്നു എന്നതാണ് പ്രശ്നം. വാർത്തകൾ മാത്രമല്ല നൂറ് കണക്കിന് പ്രൊഫൈലുകളും പേജുകളും വരെ അപ്രത്യക്ഷമാകുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന വലിയ വെല്ലുവിളിയാണ് കേരളത്തിലെ മുഖ്യമന്ത്രിയ്ക്ക് വേണ്ടി നടത്തുന്നത് അദ്ദേഹം പറഞ്ഞു.
വന്ദേമാതരം വിഷയത്തിൽ സർക്കാർ സംഘപരിവാറിൻ്റെ മുട്ടിലിഴയുന്നു എന്ന് ഒരിക്കൽ കൂടി വ്യക്തമായി. അതാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താ സമ്മേളനത്തിൽ കണ്ടത്. വന്ദേമാതരം പൂർണമായി ആലപിച്ചില്ലങ്കിൽ 3 കൊല്ലം തടവ് ലഭിക്കുമെന്ന് നിയമത്തിൽ ഇല്ല. ആലപിക്കുമ്പോൾ തടസപ്പെടുത്തുന്നതാണ് കുറ്റകരം. വന്ദേ മാതരം പൂർണമായി പാടണമെന്ന കത്ത് തിരുത്തുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി കൃത്യമായ മറുപടി നൽകുന്നില്ല. വന്ദേമാതരം പൂർണമായും പാടും എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. വന്ദേമാതരം പൂർണമായും പാടിയില്ലങ്കിൽ ശിക്ഷിക്കപ്പെടും എന്നത് തെറ്റായ വ്യാഖ്യാനമാണ്. സംഘപരിവാറിന് വേണ്ടി ഇല്ലാത്ത നിയമത്തെ കൂട്ടുപിടിക്കുകയാണ്. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാതെ ഏതെങ്കിലും ചീഫ് സെക്രട്ടറി കത്ത് നൽകുമോ ? കേന്ദ്രത്തിൻ്റെ കത്ത് അതേപടി ഫോർവേഡ് ചെയ്യുന്ന പണിയാണോ സർക്കാർ സ്വീകരിക്കേണ്ടത്. എല്ലാം സംഘപരിവാറിന് വേണ്ടിയാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.









