വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ FCRA ബിൽ സംയുക്ത പാർലമെന്ററി സമിതിയ്ക്ക് വിട്ടു.ശബ്ദ വോട്ടിലൂടെയാണ് ബിൽ ജെപിസിക്ക് വിട്ടത്.ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ള ബിൽ പിൻവലിക്കണമെന്ന് കെ സി വേണുഗോപാൽ എം പി പറഞ്ഞു. എന്നാൽ ബില്ലിൽ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്ന് പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു കുറ്റപ്പെടുത്തി. കെസി വേണുഗോപാൽ പറയുന്നത് തെറ്റാണ് ബിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ജെപിസില്‍ പറയണമെന്നും കിരൺ റിജിജു വിമർശിച്ചു. രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
31 അംഗ ജെപിസിയിൽ 21 പേർ ലോക്സഭയിൽ നിന്നും 10 പേർ രാജ്യസഭയിൽ നിന്നുമാണ്. പ്രതിപക്ഷത്തിൻറെയും ക്രിസ്ത്യൻ സംഘടനകളുടെയും എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് നീക്കം. ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇടനിലക്കാർ വേണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബന്ധപ്പെട്ട കക്ഷികളുമായി സർക്കാർ ചർച്ച നടത്തും. ഇടനിലക്കാരുമായി ചർച്ചയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
വിവാദ ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാനായിരുന്നു കേന്ദ്ര സർക്കാരിന്റെ നീക്കം. എന്നാൽ പ്രതിപക്ഷം കടുത്ത പ്രതിഷേധമാണ് ഉയർന്നത്. വിദേശത്തുനിന്നുള്ള ഫണ്ട് സ്വീകരിക്കാനും ഇത് ദുരുപയോഗം ചെയ്യുന്നത് തടയാനും ഉദ്ദേശിച്ചാണ് ബിൽ കൊണ്ടുവരുന്നതെന്നാണ് കേന്ദ്രസർക്കാർ പറഞ്ഞിരുന്നത്.








