യുദ്ധക്കുറ്റങ്ങൾ; മുൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന് വധശിക്ഷ

 

ഡമാസ്കസ്∙ സിറിയയിലെ 14 വർഷം നീണ്ട ആഭ്യന്തര സംഘർഷത്തിനിടയിൽ ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ യുദ്ധക്കുറ്റങ്ങളുടെ പേരിൽ മുൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന് സിറിയൻ കോടതി വധശിക്ഷ വിധിച്ചു. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലായിരുന്നു വധശിക്ഷ. സിറിയൻ സൈന്യത്തിന്റെ മുൻ മേധാവിയും അസദിന്റെ ഇളയ സഹോദരനുമായ മഹർ അൽ അസദിനും വധശിക്ഷ വിധിച്ചിട്ടുണ്ട്.തെക്കൻ പ്രവിശ്യയായ ദാറായിലെ അടിച്ചമർത്തലുകൾക്ക് നേതൃത്വം നൽകിയതിന് അസദിന്റെ ബന്ധുവും മുൻ സിറിയൻ ആർമി ബ്രിഗേഡിയർ ജനറലുമായ ആതിഫ് നജീബിനും ഇതേ കേസിൽ വധശിക്ഷ വിധിച്ചിട്ടുണ്ട്. അസദിന്റെ ഭരണകാലത്ത് ദാറാ പ്രവിശ്യയിലെ പൊളിറ്റിക്കൽ സെക്യൂരിറ്റി ബ്രാഞ്ച് മേധാവിയായിരുന്നു ഇദ്ദേഹം. 2011ൽ ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ച പ്രക്ഷോഭത്തിന് കാരണമായത് ദറായിലെ സംഘർഷങ്ങളാണ്.15 വയസ്സിന് താഴെയുള്ള കുട്ടികളെ കൊലപ്പെടുത്തിയതിനും ക്രൂരപീഡനങ്ങൾക്കും നജീബ് ഉത്തരവാദിയാണെന്ന് കോടതി പറഞ്ഞു. 2024 ഡിസംബറിൽ വിമത സേന ഡമാസ്കസ് വളഞ്ഞതോടെ അസദും സഹോദരനും കുടുംബാംഗങ്ങളോടൊപ്പം മോസ്കോയിലേക്ക് പലായനം ചെയ്യുകയായിരുന്നു. അസദ് ഭരണം തകർന്നതിനെത്തുടർന്ന് അൽ ഖായിദ മുൻ കമാൻഡർ അഹമ്മദ് അൽ ഷറ സിറിയയിൽ പുതിയ സർക്കാർ രൂപീകരിച്ചിരുന്നു.സിറിയയിൽ തുടർന്ന നജീബിനെ പിന്നീട് തടവിലാക്കുകയും വിചാരണയ്ക്കു വിധേയനാക്കുകയും ചെയ്തു. പുതിയ ഇടക്കാല ഭരണകൂടത്തിന് കീഴിൽ അസദിനും കുടുംബാംഗങ്ങൾക്കും എതിരെ വരുന്ന ആദ്യത്തെ വിധിയാണിത്. 50ലധികം വർഷക്കാലം സിറിയ ഭരിച്ചത് ഹാഫിസ് അസദും തുടർന്ന് അദ്ദേഹത്തിന്റെ മകൻ ബഷാർ അൽ അസദുമായിരുന്നു. സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ 2011 ലെ അറബ് വസന്തകാലത്ത് വലിയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. 13 വർഷത്തെ ആഭ്യന്തര യുദ്ധത്തിൽ 5 ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ടു.