അമാനുഷിക ശക്തി പിടികൂടിയെന്ന്! ഒരു മാസമായി 16 കാരൻ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ

 

കൊൽക്കത്ത∙ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയില്‍ കുളത്തിൽനിന്നു കരകയറാൻ വിസമ്മതിച്ച് പതിനാറുകാരൻ. കഴിഞ്ഞ ഒരു മാസമായി ഇക്ബാൽ എന്ന് പേരുള്ള കുട്ടി രാപകൽ കുളത്തിലാണു ചെലവഴിക്കുന്നത്. വെള്ളത്തിൽനിന്നു പുറത്തേക്കു വരുമ്പോൾ അമാനുഷിക ശക്തി തന്നെ പിടികൂടുന്നതായി അനുഭവപ്പെടുന്നുണ്ടെന്നും കുട്ടി പറയുന്നു. ഇതേതുടർന്നാണ് കുളത്തിൽ തുടരുന്നതെന്നും കൗമാരക്കാരൻ പറഞ്ഞു.മുഴുവൻ സമയവും വെള്ളത്തിലാണെങ്കിലും വിവിധ കുളങ്ങളിലാണ് ഇയാൾ സമയം ചെലവിടുന്നത്. കുട്ടിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കുടുംബം ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും പരിശോധനയിൽ ഇക്ബാലിനു ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഡോക്ടർമാർക്ക് കണ്ടെത്താനായില്ല. അതേസമയം, വെള്ളത്തിൽ ദീർഘനേരം കഴിയുന്നത് അണുബാധ അടക്കമുള്ള അസുഖങ്ങൾക്കു കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.വെള്ളത്തിൽ ദീർഘനേരം കഴിയുന്ന ഇക്ബാൽ ഭക്ഷണം കഴിക്കുന്നതും വെള്ളത്തിൽ കിടന്നുകൊണ്ടാണ്. കാഴ്ചക്കാരായി എത്തുന്ന നാട്ടുകാർ ധാരാളം ഭക്ഷണം വെള്ളത്തിലേക്ക് ഇടുന്നുണ്ട്. കൂടുതൽനേരം വെള്ളത്തിൽ കഴിയുന്നത് കൗമാരക്കാരന്റെ ആരോഗ്യത്തെ ബാധിക്കുമോ എന്ന ആശങ്ക നാട്ടുകാരും പങ്കുവയ്ക്കുന്നു.