Headlines

മണ്ണിൽ വിളഞ്ഞ പാഠം; സംസ്ഥാനതല കർഷക വിദ്യാർഥി പുരസ്കാരം കെ.എ.ആദിത്യന്

 

ചേർത്തല ∙ മണ്ണിനെ വിശ്വസിച്ചും കൃഷിയെ സ്നേഹിച്ചും ആറാം ക്ലാസ് വിദ്യാർഥി ആദിത്യൻ നേടിയത് സംസ്ഥാനതല കർഷക വിദ്യാർഥി പുരസ്കാരം (25000). ചേർത്തല തെക്ക് പഞ്ചായത്ത് 16–ാം വാർഡിൽ കറുകയിൽ അജയന്റെയും സജിതയുടെയും ഏക മകനായ കെ.എ.ആദിത്യനാണ് കൃഷിയിലൂടെ ഇത്തവണ സംസ്ഥാനതല കർഷക വിദ്യാർഥി പുരസ്കാരം നേടിയത്. ചേർത്തല തെക്ക് അരീപ്പറമ്പ് എച്ച്എസ്എസ് സ്കൂൾ വിദ്യാർഥിയാണ്.

 

ചെറുപ്പം മുതൽ തന്നെ മാതാപിതാക്കളുടെ കൂടെ കൃഷിയിൽ സഹായിയായി, പിന്നീട് തനിയെ കൃഷി ചെയ്തു തുടങ്ങി. രാവിലെയും വൈകിട്ടും പഠനത്തിനു ശേഷം കൃഷി പരിപാലനമാണ് പ്രധാന ജോലി.പച്ചക്കറി കൃഷിക്കൊപ്പം നെല്ലും മീനുമെല്ലാം ആദിത്യന്റെ കൃഷിയെ സമ്പുഷ്ടമാക്കുന്നു. കൃഷിക്കു പുറമേ വീട്ടിലെ പശു,ആട്, കോഴി,മുയൽ എന്നിവയെ പരിപാലിക്കാനും ആദിത്യൻ സമയം കണ്ടെത്തുന്നു. ലഭിക്കുന്ന വിളകൾ സ്കൂളിലും പൊതു വിപണിയിലും വിൽക്കുന്നതും ആദിത്യൻ തന്നെയാണ്.

 

കൃഷിരീതിയിലെ സംശയങ്ങൾക്ക് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായവും പ്രോത്സാഹനവും ലഭിക്കാറുണ്ട്. സ്കൂളിൽ നിന്നും കുട്ടി കർഷകനുള്ള എസ്പിസി അംഗീകാരം രണ്ടു തവണയും മുൻ ജില്ലാകലക്ടർ കൃഷ്ണ തേജയുടെ അനുമോദനവും ലഭിച്ചിട്ടുണ്ട്.