ഇസ്ലാമാബാദ്∙ ലഷ്കറെ തയിബയുടെ കമാൻഡറെ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ജമ്മു കശ്മീരിൽ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്ന ലഷ്കർ ഭീകരരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്ന വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഖാരി സയീദ് അബ്ദുൽ അസീസ് ആണ് മരിച്ചത്. ഇസ്ലാമാബാദിലെ പള്ളിയിൽ പ്രാർഥനയ്ക്ക് എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. പള്ളിയിലേക്ക് വരുന്നതിന് മുൻപായി ഖാരി അപരിചിതമായ റസ്റ്ററന്റിൽ നിന്ന് ഭക്ഷണം കഴിച്ചതായും റിപ്പോർട്ടുണ്ട്. പള്ളിയുടെ കവാടത്തിലെത്തിയ ഖാരി, പ്രാർഥന മുറിയിലേക്ക് പടികൾ കയറുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്ന ലഷ്കർ സംഘാംഗങ്ങൾ മറ്റൊരിടത്ത് എത്തിച്ച് സിപിആർ നൽകിയെങ്കിലും ഖാരി ബോധം വീണ്ടെടുത്തില്ല. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മരണകാരണം സംബന്ധിച്ച് ഇനിയും വ്യക്തത വരേണ്ടതുണ്ട്. തങ്ങളുടെ സംഘത്തിലെ 30ലേറെ പേരെ അജ്ഞാതർ കൊലപ്പെടുത്തിയെന്നു ലഷ്കർ ഭീകരൻ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യ തിരയുന്ന ഭീകരൻ റിസ്വാൻ ഹനീഫാണു വിഡിയോ സന്ദേശത്തിലൂടെ പരസ്യ വെളിപ്പെടുത്തൽ നടത്തിയത്. ഇതിന് പിന്നാലെയാണ് പുതിയ സംഭവവികാസം. അതിനിടെ മറ്റൊരു കമാൻഡറായ ബിലാൽ ആരിഫ് സരാഫിയെ കുടുംബാംഗങ്ങൾ കുത്തിയും വെടിവച്ചും കൊലപ്പെടുത്തിയെന്നു ന്യൂസ് ഓൺ എയർ റിപ്പോർട്ട് ചെയ്യുന്നു. ലഷ്കറിന്റെ മുരിദ്കെ സെന്ററിൽ യുവാക്കളെ റിക്രൂട്ട്മെന്റ് നടത്തിയിരുന്നത് ഇയാളായിരുന്നു.









