തിരുവനന്തപുരത്തും കൊല്ലത്തും മത്സ്യതൊഴിലാളികളെ കാണാതായ സംഭവത്തിൽ അനുനയ നീക്കവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകളുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. തിരച്ചിൽ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. വിമർശനം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ നീക്കം. മുതലപ്പൊഴിയിൽ കാണാതായ ഷിജിന്റെ കുടുംബവുമായി മന്ത്രി സിപി ജോൺ നടത്തിയ ചർച്ച അവസാനിച്ചു. സർക്കാർ സഹായത്തിന്റെ കാര്യം ബുധനാഴ്ച ചേരുന്ന ക്യാബിനറ്റ് യോഗത്തിൽ തീരുമാനിക്കുമെന്ന് ഉറപ്പ് നൽകി.
കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് ഫിഷറീസ് വകുപ്പ്. മുതലപ്പൊഴി, വിഴിഞ്ഞം, നീണ്ടകര മേഖലകളിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി സംസ്ഥാന മത്സ്യ വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ തീവ്രമായ തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ തുടരുന്നുണ്ട്. കോസ്റ്റ് ഗാർഡിന്റെ കപ്പൽ, ഡോണിയർ വിമാനം, മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട്, മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ എന്നിവ ഉപയോഗിച്ച് വിപുലമായ തിരച്ചിൽ നടത്തുകയാണെന്നും ഫിഷറീസ് വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ അടക്കം ഉപരോധിച്ചുകൊണ്ട് കുടുംബങ്ങളും പ്രതിപക്ഷവും വലിയ രീതിയിൽ പ്രതിഷേധിച്ചതിന് പിന്നാലെയാണ് സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് ഫിഷറീസ് വകുപ്പ് പത്രക്കുറുപ്പ് ഇറക്കിയത്.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25,000 രൂപ വീതം അടിയന്തര ധനസഹായം കൈമാറിയെന്നും ഫിഷറീസ് വകുപ്പ് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് പത്ത് വർഷത്തിനിടെ കടലിൽ കാണാതായത് 160 മത്സ്യത്തൊഴിലാളികളെയാണ്. ഇതിൽ 469 മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടതായും 47,773 മത്സ്യത്തൊഴിലാളികളെ കടലിൽ നിന്ന് രക്ഷപ്പെടുത്തിയതായും 2017-18 വർഷത്തിൽ മാത്രം 79 മരണവും 29 പേരെ കാണാതാവുകയും ചെയ്തതായി ഫിഷറീസ് വകുപ്പ് അറിയിച്ചു.








