Headlines

വീട് എന്ന രണ്ടുമുറിയുടെ പകുതിയോളം വെള്ളം; വീടിനുള്ളിൽ സഞ്ചരിക്കാൻ പലക, പാചകം ഉൾപ്പെടെ ‘വെള്ളത്തിൽ’

 

തിരുവല്ല ∙ വീട് എന്ന രണ്ടുമുറിയുടെ പകുതിയോളം വെള്ളം ഒഴുകി നടക്കുന്നു. അടുക്കളയുടെ ഒരു ഭാഗത്തെ ഭിത്തി തകർന്നു. പ്രളയജലം അകത്തേക്കു പതിയെ കയറുന്നു. കട്ടിൽ ഉൗഞ്ഞാൽ പോലെ കെട്ടിയിട്ടിരിക്കുകയാണ്. നിലത്തു വെള്ളമാണ്. വീടിനുള്ളിൽ പലകയിട്ടാണ് ഇവരുടെ സഞ്ചാരം. നിരണം പഞ്ചായത്ത് 14-ാം വാർഡായ തോട്ടടി വട്ടടിയിലെ താനാരി പടിഞ്ഞാറേ വീടിന്റെ സ്ഥിതിയാണിത്. തോമസ് യോഹന്നാൻ (64), ഭാര്യ ലിസി തോമസ് (54) എന്നിവരാണു ഈ വീട്ടിലെ താമസക്കാർ. സമീപത്തെ അരീത്തോട്ടിലെ വെള്ളമാണു വീടിനുള്ളിൽ കിടക്കുന്നത്.തോട്ടടി മുതൽ വട്ടടി വരെയുള്ള ഭാഗത്തു 45 വീട്ടുകാരുണ്ട്. എല്ലായിടത്തും സമാനമായ സ്ഥിതി. ഒരു കിലോമീറ്റർ ദൂരത്തിലെ 44 വീടുകളും പകുതിയോളം വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു. ഒരു വീട് മാത്രമാണ് വെള്ളം കയറാതെ കിടക്കുന്നത്. ഇവിടെയാണ് ഇവർ ഭക്ഷണം ഉണ്ടാക്കുന്നത്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും ഇതു മാത്രമാണ് ഏക ആശ്രയം. മുട്ടോളം വള്ളത്തിൽ നടന്ന് ഇവിടെ എത്തണം. കിടപ്പു രോഗികൾക്ക് വാർഡംഗം അജോയുടെ നേതൃത്വത്തിൽ വള്ളത്തിൽ ആഹാരം എത്തിക്കുന്നുണ്ട്. കട്ടിലുയർത്തി കിടക്കുമ്പോഴും ഉള്ള് പിടയ്ക്കുകയാണെന്ന് ഇവർ പറയുന്നു. ഇന്നലെ അരയടി വെള്ളമിറങ്ങി. പക്ഷേ, മഴ മാറിയിട്ടില്ല. ഇനിയും വെള്ളമെത്തിയാൽ മഹാപ്രളയത്തിന് സമാനമായ സാഹചര്യമുണ്ടാകും. ഇവിടെനിന്നു പ്രധാനപാതയിൽ എത്താനും എളുപ്പത്തിൽ കഴിയില്ല. നിലവിൽ ലോറിയിൽ ഒരു കിലോമീറ്റർ അകലെ സാധനങ്ങൾ കൊണ്ടുവന്നിട്ടു വള്ളത്തിലാണു ക്യാംപിലേക്ക് അടക്കം സാധനം എത്തിക്കുന്നത്.

സങ്കടപ്പെരുമഴ

പത്തനംതിട്ട ∙ കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുപ്രകാരം ഓഗസ്റ്റ് മാസം ജില്ലയ്ക്കു ലഭിക്കേണ്ട മഴയുടെ 88% മഴയും ഇതിനോടകം ലഭിച്ചു. സംസ്ഥാനത്ത് ഓഗസ്റ്റ് മാസം ലഭിക്കേണ്ട മഴയുടെ പകുതിയും കഴിഞ്ഞ 5 ദിവസത്തെ മഴയിലൂടെ ലഭിച്ചു. ഇന്നലെ ജില്ലയിൽ റെഡ് അലർട്ട് ആയിരുന്നെങ്കിലും മിക്ക സ്ഥലങ്ങളിലും മഴയൊഴിഞ്ഞു നിന്നത് ആശ്വാസമായി. റാന്നിയിൽ വെള്ളം ഇറങ്ങി. എന്നാൽ, തിരുവല്ല മേഖലയിൽ ജലനിരപ്പ് കുറഞ്ഞെങ്കിലും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. ഇന്നും ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

 

മലയോര മേഖലയിൽ മണ്ണിടിച്ചിലിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ അറിയിക്കണം

മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ ജാഗ്രതാ നിർദേശവുമായി ജില്ലാ ഭരണകൂടം. മലയോര മേഖലകളിലെ മണ്ണിൽ ഗണ്യമായ അളവിൽ ജലാംശം വർധിച്ചതിനാൽ, റാന്നി, കോന്നി തുടങ്ങിയ മലയോര താലൂക്കുകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്കുള്ള സാധ്യതയുണ്ട്. മലയോര പ്രദേശങ്ങളിലേക്കും കുന്നിൻ ചെരിവുകളിലേക്കും അനാവശ്യ യാത്ര ഒഴിവാക്കണം. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും പ്രളയബാധിത പ്രദേശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം മുൻകൂട്ടി സുരക്ഷിത സ്ഥലങ്ങളിലേക്കോ ദുരിതാശ്വാസ ക്യാംപുകളിലേക്കോ നിർബന്ധമായും മാറണം.വീടിന്റെ പിന്നിലോ സമീപത്തോ വിള്ളൽ, മണ്ണിടിച്ചിലിന്റെ ലക്ഷണങ്ങൾ, ജലം കലങ്ങിയൊഴുകൽ എന്നിവ ശ്രദ്ധയിൽപെട്ടാൽ ഉടൻ വില്ലേജ് ഓഫിസർ / തഹസിൽദാർ കാര്യാലയം / ജില്ല എമർജൻസി ഓപ്പറേഷൻസ് സെന്റർ എന്നിവരെ അറിയിക്കണം. പുഴകൾ, തോടുകൾ, അണക്കെട്ടുകളുടെ താഴ്ന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങരുത്. അധികൃതരുടെ ഔദ്യോഗിക അറിയിപ്പുകൾ, കെഎസ്ഡിഎംഎ/ ജില്ലാ ഭരണകൂടം എന്നിവയുടെ മാധ്യമങ്ങൾ വഴി ലഭ്യമാകുന്ന വിവരങ്ങൾ കൃത്യമായി പിന്തുടരണം. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ ടോൾ ഫ്രീ നമ്പർ: 1077 / 04682322515 ‌

 

ക്വാറി, ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനം നിരോധിച്ചു

പത്തനംതിട്ട ∙ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തസാധ്യത ഒഴിവാക്കുന്നതിന് ജില്ലയിലെ എല്ലാ ക്വാറികളുടെയും ക്രഷർ യൂണിറ്റുകളെയും പ്രവർത്തനം 10 വരെ നിരോധിച്ചതായി കലക്ടർ എ.നിസാമുദ്ദീൻ അറിയിച്ചു. മലയോരത്തുനിന്ന് മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികൾ നിർമിക്കുക, നിർമാണത്തിനായി ആഴത്തിൽ മണ്ണു മാറ്റുക എന്നീ പ്രവർത്തനങ്ങളും നിരോധിച്ചു.