Headlines

പ്രവാസികൾ‍ക്ക് ആശ്വാസം: ഇനി ‘എളുപ്പത്തിൽ’ പറക്കാം; പുതിയ നാലു സർവീസുകൾ പ്രഖ്യാപിച്ച് എയർഇന്ത്യ എക്സ്പ്രസ്

 

ദുബായ്∙ അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് 4 പുതിയ നേരിട്ടുള്ള സർവീസുകൾ കൂടി ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. നവി മുംബൈ, ഇൻഡോർ, ലഖ്നൗ എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകൾ ഇതിനോടകം ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനമായ അസം തലസ്ഥാനമായ ഗുവഹാത്തിയിലേക്കുള്ള നേരിട്ടുള്ള സർവീസ് ഓഗസ്റ്റ് ഏഴ് മുതൽ ആരംഭിക്കുമെന്ന് അബുദാബി എയർപോർട്സ് അധികൃതർc അറിയിച്ചു.യുഎഇക്കും ഇന്ത്യയ്ക്കും ഇടയിലുള്ള വർധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യകത പരിഹരിക്കാനും സർവീസുകളുടെ ശൃംഖല വിപുലീകരിക്കാനും പുതിയ റൂട്ടുകൾ സഹായിക്കുമെന്ന് അബുദാബി എയർപോർട്സ് സിഇഒ അഹമ്മദ് ജുമാ അൽ ഷംസി പറഞ്ഞു. പ്രാദേശിക എയർലൈനുകളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് യാത്രക്കാർക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ നൽകുമെന്നും അബുദാബിയുടെ ടൂറിസം, സാമ്പത്തിക ലക്ഷ്യങ്ങൾക്ക് പിന്തുണയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട രാജ്യാന്തര വിപണികളിലൊന്നാണ് യുഎഇ എന്ന് എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാൻ നിപുൺ അഗർവാൾ പറഞ്ഞു. വിമാനക്കമ്പനിയുടെ വളർച്ചയിൽ അബുദാബിക്ക് വലിയ പങ്കുണ്ട്. സർവീസുകളും വിമാനങ്ങളുടെ എണ്ണവും കൂട്ടുന്നത് വഴി യാത്രികർക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ യാത്ര സൗകര്യങ്ങളും സമയക്രമങ്ങളും നൽകാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

നിലവിൽ ഇത്തിഹാദ് എയർവേസ്, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ മുൻനിര കമ്പനികൾ മുംബൈ, ന്യൂഡൽഹി, കൊച്ചി തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രതിദിനം സർവീസ് നടത്തുന്നുണ്ട്. 2026 ഓഗസ്റ്റിൽ ഇന്ത്യക്കും യുഎഇക്കും ഇടയിൽ കൂടുതൽ പുതിയ റൂട്ടുകൾ ആരംഭിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമബന്ധം കൂടുതൽ ശക്തമാക്കും. പ്രവാസികൾക്കും ബിസിനസ് യാത്രികർക്കും ടൂറിസ്റ്റുകൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ നൂറുകണക്കിന് വിമാന സർവീസുകളാണ് ആഴ്ചതോറും ഇരുരാജ്യങ്ങൾക്കുമിടയിൽ സർവീസ് നടത്തുന്നത്.