താരസംഘടനയിൽ തുടരുന്ന അനിശ്ചിതത്വങ്ങൾക്കിടയിൽ ശ്വേതാ മേനോന്റെ നേതൃത്വത്തിൽ അംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യാൻ നീക്കങ്ങൾ നടത്തുന്നുവെന്ന് നടി ഉഷ ഹസീന. നടി നീനാ കുറുപ്പാണ് ഇതിനായി പലരെയും വിളിച്ച് സംസാരിക്കുന്നതെന്നും, എന്നാൽ ഭൂരിഭാഗം അംഗങ്ങളും ഈ കിറ്റ് നിരസിക്കുകയാണെന്നും ഉഷ പറഞ്ഞു. വിവരങ്ങളറിയാത്ത ചിലരോ മറ്റു നിവൃത്തിയില്ലാത്ത ചിലരോ മാത്രമായിരിക്കാം ഇത് കൈപ്പറ്റിയതെന്നും മനോരമ ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഉഷ പറഞ്ഞു. സംഘടനയുടെ ഓഫിസും പേരും ദുരുപയോഗം ചെയ്യുന്നതിനെതിരെയും അതിന് പിന്നിലെ സാമ്പത്തിക താല്പര്യങ്ങളെക്കുറിച്ചും ഉഷ ഹസീന തുറന്നടിച്ചു.
ജനറൽ ബോഡി യോഗത്തിൽ പരസ്യമായി രാജിവച്ചു പുറത്തുപോയവർക്ക് ‘അമ്മ’യുടെ ഓഫിസിൽ കയറിയിരിക്കാനോ സംഘടനയുടെ ഔദ്യോഗിക ലേേബലിൽ സ്പോൺസർമാരെ കണ്ടെത്തി കിറ്റുകൾ വിതരണം ചെയ്യാനോ യാതൊരു വിധ യോഗ്യതയോ നിയമപരമായ അവകാശമോ ഇല്ല. മുൻസിഫ് കോടതി നിലവിൽ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് അനുസരിച്ച് അഡ്ഹോക്ക് കമ്മിറ്റിയിൽ രമേഷ് പിഷാരടിക്ക് തുടരാൻ സാധിക്കില്ല എന്നു മാത്രമാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ശ്വേതാ മേനോന് കമ്മിറ്റിയിൽ തുടരാൻ അനുമതിയുണ്ടെന്ന് കോടതി ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ച്, തങ്ങൾക്ക് തുടരാൻ അനുവാദമുണ്ടെന്ന് സഹപ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ചാണ് ഇവർ ഓഫിസിൽ കയറിയിരിക്കുന്നത് എന്ന് ഉഷ ഹസീന ആരോപിച്ചു. ഈ മാസം 11ന് കേസ് കോടതിയുടെ വാദത്തിന് വരാനിരിക്കെ, ഇത്തരത്തിൽ സംഘടനയുടെ പേരിൽ സ്വയം പ്രഖ്യാപിത പ്രവർത്തനങ്ങൾ നടത്തുന്നത് കോടതിയോടുള്ള വെല്ലുവിളിയും നിയമവിരുദ്ധവുമായ പ്രവർത്തിയാണെന്നും ഉഷ ഹസീന ചൂണ്ടിക്കാട്ടി .ഉഷ ഹസീനയുടെ വാക്കുകൾ:
“അമ്മയുടെ പ്രസിഡന്റ് ആയിരുന്ന ശ്വേതാ മേനോനും സംഘവും അംഗങ്ങൾക്കായുള്ള ഓണക്കിറ്റുമായിട്ട് ഇറങ്ങിയിട്ടുണ്ട്. അമ്മയുടെ ഓഫിസിൽ ഇവർക്ക് ഇരിക്കാൻ പോലും അർഹതയില്ലാതെയാണ് അവിടെ കയറി ഇരിക്കുന്നത്. അവിടെയിരുന്നാണ് ഓണക്കിറ്റിനുള്ള സ്പോസർഷിപ്പ് സംഘടിപ്പിച്ച് അംഗങ്ങൾക്കായി വിതരണം ചെയ്യാൻ തുടങ്ങുന്നത്. അമ്മയുടെ പേരിൽ സ്പോൺസറെ കണ്ടുപിടിക്കാൻ ഇപ്പോൾ ഇവർക്ക് അധികാരമില്ല. കോടതിയിൽ കേസ് പതിനൊന്നാം തിയതി വാദത്തിന് വച്ചിരിക്കുകയാണ്. കോടതിയിൽ നിന്ന് കിട്ടിയിരിക്കുന്ന ഓർഡർ പറയുന്നത് അഡ്ഹോക്ക് കമ്മിറ്റിയിൽ രമേഷ് പിഷാരടിക്ക് തുടരാൻ സാധിക്കില്ല എന്നുള്ളതാണ്. എന്നാൽ, ശ്വേതാ മേനോന് പ്രസിഡന്റ് സ്ഥാനത്ത് തുടരാമെന്ന് ആ ഓർഡറിൽ എവിടെയും പറഞ്ഞിട്ടില്ല. ഇവർ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത് ഇവർക്ക് തുടരാൻ അനുവാദം കൊടുത്തു എന്നാണ്. പക്ഷേ, ആ ഓർഡറിൽ അങ്ങനെ ഇവർക്ക് അനുവാദം കൊടുത്തിട്ടില്ല. ഇവർ ജനറൽ ബോഡിയിൽ രാജിവച്ച് പോയവരാണ്. രമേഷ് പിഷാരടിക്കെതിരെയാണ് മുൻസിഫ് കോടതിയിൽ ഒരു പരാതി നൽകിയത്. ആ പരാതിയിന്മേൽ ആണ് പിഷാരടിക്ക് തുടരാൻ കഴിയില്ല എന്നൊരു ഓർഡർ കോടതി ഇട്ടത്.ഇവർ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് ഓഫിസിൽ കയറിയിരുന്ന് ‘അമ്മയുടെ ഔദ്യോഗിക ഗ്രൂപ്പ്’ എന്ന് പറഞ്ഞു ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. എന്നിട്ട് അതിനകത്ത് 97 പേരെ ആഡ് ചെയ്തു, ബാക്കി ഉള്ളവരെ ആരെയും ആഡ് ചെയ്തിട്ടില്ല. ഗ്രൂപ്പ് ‘അഡ്മിൻ ഓൺലി’ ആണ്. അവർക്ക് അനുകൂലമായ വാർത്തകൾ ഇടാനും അവരുടെ ഭാഗം മാത്രം പറയാനും ആണ് ആ ഗ്രൂപ്പ്. ഇന്നലെ മുതൽ പല അംഗങ്ങളെയും വിളിക്കുന്നതായിട്ടാണ് അറിയുന്നത്. പലരും പറഞ്ഞു, ‘ഞങ്ങൾക്ക് കിറ്റ് വേണ്ട, നിങ്ങൾക്ക് സ്പോൺസറെ കണ്ടുപിടിക്കാനോ ഇങ്ങനെ ഒരു കിറ്റ് കൊടുക്കാനോ അനുവാദമില്ല, നിയമവിരുദ്ധമാണ്’ എന്ന്. വിളിച്ചവരെല്ലാം ‘വേണ്ട, ഓണക്കിറ്റ് വാങ്ങിക്കാൻ താല്പര്യമില്ല’ എന്നു പറഞ്ഞ് നിരസിച്ചുകൊണ്ടിരിക്കുകയാണ്. ‘അമ്മയുടെ പെൺമക്കൾ’ ഗ്രൂപ്പിൽ തന്നെ ഇന്നലെ ഇതിനെക്കുറിച്ച് ചർച്ചയുണ്ടായിരുന്നു. കിറ്റ് വേണ്ട എന്നു പറഞ്ഞിട്ടുണ്ട് എന്നാണ് പലരും പറഞ്ഞത്. അവർ പലരെയും വിളിച്ചു ചോദിക്കുന്നത് ‘എന്തുകൊണ്ടാണ് നിങ്ങൾ ഞങ്ങളെ എതിർക്കുന്നത്? ഞങ്ങൾ എന്ത് ദ്രോഹം ചെയ്തു’ എന്നാണ്.
നീനാ കുറുപ്പാണ് പലരെയും വിളിച്ചിരിക്കുന്നത്. നീനാ കുറുപ്പ് വിളിച്ചിട്ടാണ് ഇതെല്ലാം ചോദിക്കുന്നത്. ഒന്നാലോചിച്ചു നോക്കൂ, അവർക്ക് വേണ്ടിയാണ് ഈ പ്രശ്നങ്ങൾ മുഴുവൻ തുടങ്ങിയത്. നീനാ കുറുപ്പ് ഇപ്പോൾ പറയുന്നത് ‘എനിക്ക് പ്രശ്നമൊന്നുമില്ല, ലക്ഷ്മിപ്രിയ അമ്മയിൽ നിന്ന് പോയി, എനിക്ക് ഇനി പ്രശ്നമൊന്നുമില്ല’ എന്ന്. ഇവർക്ക് എന്ത് നിലപാടാണ് ഉള്ളത്? വ്യവസ്ഥയിൽ സ്പോൺസറെ പിടിക്കാൻ പോവുകയും കമ്മീഷൻ കൊടുക്കാൻ വാഗ്ദാനവുമൊക്കെ! അതെന്തൊരു ഏർപ്പാടാണ്?
നമ്മൾ എതിർക്കുന്നത് ഇതൊക്കെയാണ്. ഇപ്പോൾ ഈ ഒരു ഓണക്കിറ്റിനും അവർ ഏതോ സ്പോൺസറെ കണ്ടു വാങ്ങിയതാണ്. പല പരിപാടിക്കും പൈസ നേരത്തെ മേടിച്ചു കമ്മീഷൻ കൈപ്പറ്റി പോയിട്ടുണ്ടാവാം. അതാണ് ഇവരീ അള്ളിപ്പിടിച്ചിരിക്കുന്നത്. 15 കോടി എന്നൊക്കെ പറഞ്ഞില്ലേ? അത്ര ലാഭമുണ്ട്. അതുകൊണ്ടാണ് ഇവരെല്ലാം ഇവിടെ അള്ളിപ്പിടിച്ചിരിക്കുന്നത്. അന്തസ്സുള്ളവർ അവിടെ നിന്നു പോയി. ഈ കൊടുക്കുന്ന സ്പോൺസർമാർക്ക് ബോധമില്ലേ? ഇത്രയും പ്രശ്നങ്ങൾ കോടതിയിൽ നിൽക്കുമ്പോൾ, ആസംഘടനയ്ക്ക് സ്പോൺസർഷിപ്പ് കൊടുക്കാൻ!”








