Headlines

മിന്നൽ പ്രളയങ്ങൾ കേരളത്തിനു ഭീഷണി; എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ

 

തിരുവനന്തപുരം∙ മഴക്കെടുതിയിൽ വലയുകയാണ് കേരളം. പ്രളയമഴയ്ക്കു പിന്നിൽ പ്രാദേശിക ലഘു മേഘവിസ്ഫോടനങ്ങളാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റ് ഒന്നിനു 20 സെന്റിമീറ്റർ മഴയാണു പ്രതീക്ഷിച്ചതെങ്കിൽ പലയിടത്തും 30 സെന്റിമീറ്റർ വരെ പെയ്തു. പ്രതീക്ഷിച്ചതിലും വളരെയേറെ മഴ ചെറിയ സമയത്തിനുള്ളിൽ ഒരു പ്രദേശത്ത് പെയ്തിറങ്ങുന്നതാണ് വെള്ളപൊക്കത്തിന് ഇടയാക്കുന്നത്. വെള്ളം പെട്ടെന്ന് ഉയരാൻ സാധ്യതയുള്ളതിനാൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം.മഴ വരുമ്പോൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അലർട്ടുകൾ പ്രഖ്യാപിക്കാറുണ്ട്. എന്താണ് റെഡ് അലർട്ട്? എന്തു സാഹചര്യത്തിലാണ് വിവിധ അലർട്ടുകൾ പ്രഖ്യാപിക്കുന്നത്? നാലു നിറങ്ങളിലുള്ള അലർട്ടുകളാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിക്കുന്നത്. ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച. മഴ പെയ്യാനുള്ള സാധ്യത, പ്രവചനത്തിലെ മഴയുടെ അളവ്, തീക്ഷ്ണത, പ്രവചനത്തിലെ മഴ സാധ്യതാ സ്ഥലങ്ങളെ സംബന്ധിച്ച വിവരം എന്നിവ പരിശോധിക്കും. അതിനുശേഷമാണ് അലർട്ടുകൾ നൽകുന്നത്. പ്രവചിക്കുന്ന മഴയ്ക്ക് അനുസരിച്ച് തയാറെടുപ്പുകൾ നടത്താനാണ് വിവിധ അലർട്ടുകൾ.ദുരന്ത നിവാരണ അതോറിറ്റി ഈ അറിയിപ്പുകൾ ചുരുക്കി ചിത്രവും പട്ടികയുമായി പൊതുജനങ്ങൾക്ക് നൽകും. ദുരന്ത നിവാരണ അതോറിറ്റിയുടെ മാർ‌ഗരേഖയിൽ (ഓറഞ്ച് പുസ്തകം) അലർട്ടുകളുടെ സ്വഭാവത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ചുവപ്പ് ഒഴികെയുള്ള അലർട്ടുകളെ പൊതുവിൽ ഭീതിയോടെ കാണേണ്ടതില്ല. എങ്കിലും ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചാൽ കരുതലും ജാഗ്രതയും വേണം

∙ റെഡ് അലർട്ട്

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളപ്പോഴാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്. 24 മണിക്കൂറിൽ 204.4 എംഎമ്മിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ കർശന സുരക്ഷാ നടപടികൾ സ്വീകരിക്കണം. ദുരന്തസാധ്യതാ മേഖലയിൽനിന്ന് എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്കോ ക്യാംപുകളിലേക്കോ മാറ്റി താമസിപ്പിക്കണം. മാറി താമസിക്കാൻ തയാറാകാത്തവരെ ആവശ്യമെങ്കിൽ നിർബന്ധമായി മാറ്റി താമസിപ്പിക്കണം. രക്ഷാസേനയെ വിന്യസിക്കുക, ക്യാംപുകൾ ആരംഭിക്കുക തുടങ്ങിയ എല്ലാവിധ നടപടിക്രമങ്ങളും റെഡ് അലർട്ട് നൽകിയാൽ പൂർത്തീകരിക്കണം.

∙ ഓറഞ്ച് അലർട്ട്

അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളപ്പോഴാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.ഓറഞ്ച് അലർട്ടിലൂടെ അതിജാഗ്രതാ മുന്നറിയിപ്പാണ് നൽകുന്നത്. സുരക്ഷാ തയാറെടുപ്പുകൾ തുടങ്ങണം. മാറ്റി താമസിപ്പിക്കൽ ഉൾപ്പെടെ അധികൃതർ ആരംഭിക്കേണ്ടതോ അതിനുവേണ്ട മുന്നൊരുക്കങ്ങൾ പൂർത്തിയാക്കേണ്ടതോ ആയ ഘട്ടം. അപകട സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ എമർജൻസി കിറ്റ് ഉൾപ്പെടെ തയാറാക്കി നിൽക്കണം. രക്ഷാ സേനകളോട് തയാറെടുക്കാൻ ആവശ്യപ്പെടും. ക്യാംപുകൾ തയാറാക്കണം.

∙ ഗ്രീൻ അലർട്ട്

ജാഗ്രത പാലിക്കേണ്ട സാഹചര്യമില്ല.

 

∙ ഫോണുകളിലെ അലർട്ട്

ഉറങ്ങിക്കിടക്കുന്നവരെ ഉൾപ്പെടെ ഉണർത്തി, നിങ്ങൾ ദുരന്തസാധ്യതയുള്ള പ്രദേശത്താണ് ഇപ്പോഴുള്ളതെന്ന് അറിയിക്കാനാണ് ഇത്തരം അലർട്ടുകൾ നൽകുന്നത്. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ മൊബൈൽ ഫോണുകളിലേക്കാണ് ‘സചേത്’ മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റത്തിന്റെ മുന്നറിയിപ്പ് എത്തുന്നത്. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ 2026 മേയിലാണ് കേന്ദ്രം ഇതു പരീക്ഷിച്ചത്.

 

കോടിക്കണക്കിനു മൊബൈലുകളിലേക്ക് അസാധാരണ ശബ്ദത്തോടെ ഒരേസമയം അലർട്ടുകൾ നൽകാൻ നാഷനൽ ഡിസാസ്റ്റർ അലർട്ട് പോർട്ടലിനു കഴിയും. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ടെലികമ്യൂണിക്കേഷൻ വകുപ്പും ചേർന്നാണ് ഇതു നടപ്പാക്കുന്നത്. സൈലന്റ് മോഡിലോ ‘ഡു നോട്ട് ഡിസ്റ്റേബ്’ മോഡിലോ ആണെങ്കിൽ പോലും ഈ മുന്നറിയിപ്പ് എത്തുമ്പോൾ ഫോൺ ഉച്ചത്തിൽ ശബ്ദിക്കുകയും സ്‌ക്രീനിൽ സന്ദേശം തെളിയുകയും ചെയ്യും. ജിയോ ടാർഗറ്റിങ് വഴിയാണ് സന്ദേശം എത്തിക്കുന്നത്.