Headlines

ചെങ്കടലിൽ ആക്രമണം: ഇന്ത്യൻ കപ്പൽ മുക്കി; 13 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി യെമെൻ സൈന്യം

 

സനാ∙ ചെങ്കടലിൽ ഇന്ത്യൻ പതാക ഘടിപ്പിച്ച ചരക്കുകപ്പലിനുനേരെ ആക്രമണം. ആക്രമണത്തിനു പിന്നാലെ കപ്പൽ കടലിൽ മുങ്ങി. യെമെന്റെ പടിഞ്ഞാറൻ തീരത്തിനു സമീപമാണ് എംഎസ്‌വി ഫൈസെ നൂർ ഒലിയ എന്ന കപ്പലിനുനേരെ ആക്രമണമുണ്ടായത്. കപ്പലിൽനിന്ന് 13 ഇന്ത്യക്കാരുൾപ്പെടെ 14 നാവികരെ സുരക്ഷിതരായി ഒഴിപ്പിച്ചതായും ഇവർക്ക് വേണ്ട ചികിത്സ നൽകിയതായും യെമെൻ സൈന്യം അറിയിച്ചു. ഹൂതി വിമതരുടെ പിടിയിലുള്ള ഹുദൈദ നഗരത്തിന് 13 നോട്ടിക്കൽ മൈൽ തെക്കുവച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. കോസ്റ്റ് ഗാർഡും നേവി യൂണിറ്റും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് നാവികരെ രക്ഷപ്പെടുത്തിയതെന്ന് യെമെൻ നാഷണൽ റസിസ്റ്റൻസ് ഫോഴ്സ് പ്രസ്താവനയിൽ അറിയിച്ചു.ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. പ്രകോപനമില്ലാത്ത ആക്രമണമാണ് ഉണ്ടായതെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. ‘ ഇന്ത്യൻ എംഎസ്‌വി ഫൈസെ നൂർ ഒലിയ കപ്പൽ യെമൻ കടലിൽവച്ച് ആക്രമണത്തിനിരയാകുകയും കപ്പൽ മുങ്ങുകയും ചെയ്തിരിക്കുന്നു. പ്രതിരോധിക്കാൻ സജ്ജരല്ലാത്ത ചരക്കു കപ്പലുകൾക്കുനേരെ പ്രകോപനമില്ലാതെ നടക്കുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഏറ്റവും മുൻഗണന നൽകുന്നത്. 13 ഇന്ത്യക്കാരടക്കം 14 നാവികരെ സുരക്ഷിതരായി രക്ഷിച്ചുവെന്നറിഞ്ഞതിൽ ആശ്വാസമുണ്ട്. ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പുവരുത്താനും വേണ്ട സഹായങ്ങൾ നൽകാനും മറ്റ് ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കാൻ ഡയറക്ടർ ജനറൽ മാരിടൈം അഡ്മിനിസ്ട്രേഷന് (ഡിജിഎംഎ) നിർദേശം നൽകിയിട്ടുണ്ട്.’– സോനോവാൾ എക്സിൽ പറഞ്ഞു.