മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സമ്മേളനത്തിനായി ഹെലികോപ്റ്ററിൽ പോയെന്ന ആരോപണത്തിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ കേന്ദ്രം എത്തിയിരുന്നു. അപ്പോൾ അവരുമായി ചർച്ച നടത്താൻ തൃശൂരിൽ നിന്ന് ഹെലികോപ്റ്ററിൽ പിണറായി വിജയൻ വരികയാണ് ഉണ്ടായത്. അല്ലാതെ പാർട്ടി സമ്മേളനത്തിലേക്ക് അദ്ദേഹം ഹെലികോപ്റ്ററിൽ വരികയല്ല ചെയ്തതെന്നും കൂടുതൽ പറയിപ്പിക്കരുത് എന്ന് പറഞ്ഞ് മുഖ്യമന്ത്രി എന്തിനാണ് പറയാതിരിക്കുന്നത്? അദ്ദേഹം നന്നായി പറയുകയാണ് വേണ്ടതെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
പുറത്ത് പറയാൻ പറ്റാത്ത എന്ത് ഡീലാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പോയി നടത്തിയതെന്ന ചോദ്യവും എം വി ഗോവിന്ദൻ ഉയർത്തിക്കാട്ടി. പേര് വെളിപ്പെടുത്താൻ ആകാത്ത നിക്ഷേപകനെ കാണാനാണ് ഹെലികോപ്റ്ററിൽ പോയതെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രി ഭാര്യാ പിതാവിനെ കാണാൻ ഹെലികോപ്റ്റർ ദുരുപയോഗം ചെയ്‌തെന്ന് റിപ്പോർട്ട് ചെയ്തത് മാതൃഭൂമിയാണ്. അല്ലാതെ ദേശാഭിമാനിയോ കൈരളിയോ അല്ല.
ഒരുവട്ടം പോയി ഇറങ്ങാൻ കഴിയാത്തതുകൊണ്ട് പിന്നെയും പോയി. പേര് പറയാനാകാത്ത ഒരു നിക്ഷേപകനെ കാണാൻ പോയി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ഏതാണ് ആ നിക്ഷേപകൻ ? ഒരു കളവുപോലും പറയാതെ സമാധാനം കിട്ടാത്ത ആളാണ് മുഖ്യമന്ത്രി. പുറത്തു പറയാനാകാത്ത എന്ത് ഡീലിലാണ് ഹെലികോപ്റ്ററിൽ പോയതെന്ന് പറയുന്നില്ല. ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തപ്പോൾ ഇല്ലാ കഥകൾ ഇറക്കിയവരാണ് ഇപ്പോൾ പുതിയ കഥകളുമായി വരുന്നതെന്നും എം വി ഗോവിന്ദൻ ആക്ഷേപിച്ചു.
അതേസമയം, പ്രിയദർശിനി ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളെ അപമാനിച്ച ഗതാഗത മന്ത്രി സിപി ജോണിനെയും അദ്ദേഹം വിമർശിച്ചു. ശാക്തീകരിച്ച മലയാളി സ്ത്രീകളുടെ ആത്മാഭിമാനത്തെയാണ് മന്ത്രി ചോദ്യം ചെയ്തതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
ഇങ്ങനെ ഒരാളെ കേരളത്തിലെ പൊതുസമൂഹം അംഗീകരിക്കില്ലെന്നും മന്ത്രിയുടേത് പുരുഷ മേധാവിത്വ ചിന്തയാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. സ്ത്രീകൾക്ക് എന്തോ ഔദാര്യം നൽകുന്നു എന്ന സമീപനമാണ് മന്ത്രിക്കുള്ളത്. സ്ത്രീകൾ പാവപ്പെട്ടവരായി അഭിനയിച്ച് കാട്ടുകയാണെന്ന് മന്ത്രി അധിക്ഷേപിക്കുന്നു. ജനങ്ങളുടെ നികുതി കൊണ്ടാണ് ഈ പണം കണ്ടെത്തുന്നത് എന്ന് മന്ത്രി മറക്കരുത്. വോട്ട് കിട്ടാൻ യുഡിഎഫ് നൽകിയ വാഗ്ദാനം അല്ലേ. ഓർഡിനറി ബസിലേക്ക് കയറുന്ന സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് പരാമർശമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.








