ന്യൂയോർക്ക്∙ അറുപതോളം രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപന്നങ്ങൾക്ക് മേൽ പുതിയ തീരുവ ചുമത്തിയ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ യുഎസിലെ 25 സംസ്ഥാനങ്ങൾ കേസ് ഫയൽ ചെയ്തു. ന്യൂയോർക്കിലെ രാജ്യാന്തര വ്യാപാര കോടതിയിലാണ് ഡെമോക്രാറ്റിക് ഗവർണർമാരുടെ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങൾ ഹർജി നൽകിയത്. പ്രസിഡന്റ് തന്റെ അധികാരപരിധി ലംഘിച്ചാണ് നികുതി വർധിപ്പിച്ചതെന്നും സുപ്രീം കോടതി റദ്ദാക്കിയ താരിഫുകൾ മറ്റ് നിയമങ്ങളുടെ മറവിൽ വീണ്ടും നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നും സംസ്ഥാനങ്ങൾ ആരോപിച്ചു.1974ലെ ട്രേഡ് ആക്ടിലെ ‘സെക്ഷൻ 301’ ഉപയോഗിച്ച് 10% മുതൽ 12.5% വരെ നികുതിയാണ് ഇന്ത്യ, യൂറോപ്യൻ യൂണിയൻ, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്ക് മേൽ യുഎസ് പ്രഖ്യാപിച്ചത്. വിദേശ രാജ്യങ്ങളിലെ ‘നിർബന്ധിത തൊഴിൽ’ തടയാനാണ് നടപടിയെന്ന് ഭരണകൂടം അവകാശപ്പെടുമ്പോഴും, യുഎസിലേക്കുള്ള ഇറക്കുമതിയുടെ 99.4% വിഹിതത്തെയും ഇത് ദോഷകരമായി ബാധിക്കുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. ഈ താരിഫ് വർധനവ് സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നും സാധാരണക്കാരുടെയും ചെറുകിട വ്യവസായങ്ങളുടെയും നട്ടെല്ലൊടിക്കുമെന്നും സംസ്ഥാനങ്ങൾ വാദിക്കുന്നു.അതേസമയം, അമേരിക്കൻ തൊഴിലാളികളെയും വ്യാപാരത്തെയും സംരക്ഷിക്കാനാണ് ഈ തീരുമാനമെന്ന് വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി വ്യക്തമാക്കി. ഭരണകൂടത്തിന്റെ ഈ നടപടി നിയമപരമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഫെഡറൽ കോടതിയിലുള്ള ഈ പുതിയ കേസ് ട്രംപ് ഭരണകൂടത്തിന്റെ വിദേശ വ്യാപാര നയങ്ങൾക്ക് വരും ദിവസങ്ങളിൽ വലിയ തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.








