Headlines

പിഒകെയിൽ 80 പേർ കൊല്ലപ്പെട്ടു: വാർത്ത മറയ്ക്കാൻ അൽ ജസീറയ്ക്ക് വിലക്ക്; ഡിജിറ്റൽ സെൻസർഷിപ്പുമായി പാക്കിസ്ഥാൻ

 

ഇസ്‌ലാമാബാദ്∙ പാക്ക് അധിനിവേശ കശ്മീരിൽ (പിഒകെ) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആഭ്യന്തര കലാപം രൂക്ഷമാകുന്നതിനിടെ മാധ്യമങ്ങൾക്കുമേൽ കടുത്ത സെൻസർഷിപ്പുമായി പാക്കിസ്ഥാൻ ഭരണകൂടം. രാജ്യാന്തര വാർത്താ ശൃംഖലയായ അൽ ജസീറ ഇംഗ്ലിഷ് ഉൾപ്പെടെ ഡിജിറ്റൽ വാർത്താ മാധ്യമങ്ങൾക്ക് പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ വിലക്കേർപ്പെടുത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പിഒകെയിലെ ജനകീയ പ്രതിഷേധങ്ങളും സുരക്ഷാ സേനയുടെ അടിച്ചമർത്തലുകളും നിരന്തരം പുറത്തുകൊണ്ടുവന്നതിനു പിന്നാലെയാണ് ഡിജിറ്റൽ സെൻസർഷിപ്പ് ശക്തമാക്കാൻ പാക്ക് ഭരണകൂടം തുനിഞ്ഞത്.ഓഗസ്റ്റ് 10 വരെ വിവിധ ഘട്ടങ്ങളായാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ മാസം മുതൽ ആരംഭിച്ച വ്യാപകമായ ആക്രമണങ്ങളിൽ ഇതുവരെ 80 ൽ അധികം പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം. ഇതിൽ 43 പേർ ജൂലൈ 27 നു ശേഷമുള്ള ദിവസങ്ങളിലാണു കൊല്ലപ്പെട്ടത്. നാല് പൊലീസ് ഉദ്യോഗസ്ഥരും മരിച്ചവരിൽ ഉൾപ്പെടുന്നു. അൽ ജസീറ പക്ഷപാതപരമായ വാർത്തകളാണു നൽകുന്നതെന്നാണ് പാക്കിസ്ഥാൻ വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ആരോപണമായി പുറത്തുവരുന്ന റിപ്പോർട്ട്. മുസാഫറാബാദിലെ തിരഞ്ഞെടുത്ത പോളിങ് സ്റ്റേഷനുകളിൽനിന്നു മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് അൽ ജസീറ വോട്ടിങ് പ്രക്രിയയെ തെറ്റായി ചിത്രീകരിക്കുന്നതെന്നു മന്ത്രാലയം കുറ്റപ്പെടുത്തി.മേഖലയിൽ 50 ദിവസത്തിലേറെയായി ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെന്നും വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ കടുത്ത പ്രതിസന്ധിയാണു നേരിടുന്നതെന്നും അൽ ജസീറ അറിയിച്ചിരുന്നു. മുസാഫറാബാദിൽ ജനങ്ങൾ വോട്ട് ബഹിഷ്‌കരിച്ചതായും വിപണികളും പൊതുഗതാഗതവും പൂർണമായി സ്തംഭിച്ചതായും ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. ജൂലൈ മാസത്തിൽ ചില യൂട്യൂബ് ചാനലുകൾ ബ്ലോക്ക് ചെയ്യാൻ ഇസ്‌ലാമാബാദ് കോടതി ഉത്തരവിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.

 

പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകുന്ന ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റി, പാക്ക് സുരക്ഷാസേനയുടെ ക്രൂരതകൾ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു. മുസാഫറാബാദിൽ നിസഹായനായ ഒരു സാധാരണക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ തെരുവിൽ വലിച്ചിഴച്ചു മർദിക്കുന്ന ദൃശ്യങ്ങളാണു പ്രചരിച്ചത്. കൂടാതെ, സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം സിവിൽ വസ്ത്രം ധരിച്ച ഒരാൾ പ്രതിഷേധക്കാർക്കുനേരെ വെടിയുതിർത്തതായും കമ്മിറ്റി ആരോപിക്കുന്നു. തലസ്ഥാനമായ ഇസ്‌ലാമാബാദിലേക്കും റാവൽപിണ്ടിയിലേക്കും നിലവിൽ പ്രതിഷേധം പടർന്നിരിക്കുകയാണ്.