തിരുവനന്തപുരം ∙ എസ്എടി തിരുവനന്തപുരം ആശുപത്രിയിൽ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ ആറുമാസം വളർച്ചയെത്തിയ ഭ്രൂണം കണ്ടെത്തി. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ തിരുവല്ലം സ്വദേശിനിയായ ഇരുപതുകാരിയാണ് പ്രസവിച്ചതിന് പിന്നാലെ ശുചിമുറിയിൽ ഭ്രൂണം ഉപേക്ഷിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് 7.30ന് ആണ് അമിത രക്തസ്രാവത്തെ തുടർന്ന് യുവതി ചികിത്സ തേടിയത്. പ്രാഥമിക പരിശോധനയിൽ യുവതി ഗർഭിണിയായിരിക്കാമെന്ന സംശയം ഡോക്ടർമാർക്ക് തോന്നി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി അവിവാഹിതയാണെന്നു കണ്ടെത്തുകയും ചെയ്തു.ഇന്റർനെറ്റിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചതിനെ തുടർന്നാണ് യുവതിക്ക് രക്തസ്രാവമുണ്ടായതെന്ന് ഡോക്ടർമാർ കണ്ടെത്തി. പ്രാഥമിക ആവശ്യത്തിനെന്ന പേരിൽ ശുചിമുറിയിൽ കയറിയ യുവതി ഭ്രൂണം പ്രസവിക്കുകയും പിന്നീട് ക്ലോസറ്റിൽ ഉപേക്ഷിക്കുകയുമായിരുന്നു. മെഡിക്കൽ കോളജ് പൊലീസ് സംഘവും അഗ്നിരക്ഷാസേനയും സ്‌ഥലത്തെത്തി ശുചിമുറിയുടെ ടാങ്ക് പൊളിച്ചാണ് ഭ്രൂണം പുറത്തെടുത്തത്.






