Headlines

എംജി സർവകലാശാലയിൽ വീണ്ടും ‘പാറ്റ’ പോസ്റ്റർ; നാഷണൽ കോൺഫറൻസിന്റെ ബാനറിൽ CJP സമരത്തിന്റെ ചിത്രങ്ങളും

 

എംജി സർവകലാശാലയിൽ വീണ്ടും ‘പാറ്റ’ പോസ്റ്റർ. സർവകലാശാലാ കവാടത്തിൽ കെട്ടിയ നാഷണൽ കോൺഫറൻസിന്റെ ബാനറിലാണ് വീണ്ടും പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയത്. സിജെപി സമരത്തിന്റെ ചിത്രങ്ങളും പോസ്റ്ററിൽ ഉണ്ട്. വിവാദങ്ങൾക്ക് പിന്നാലെ കോൺഫറൻസിന് നൽകിയ ഫണ്ട് സർവകലാശാലാ യൂണിയൻ തിരിച്ചടയ്ക്കണമെന്ന് വിസി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

 

 

നാളെ മുതൽ ആറാം തീയതി വരെയാണ് എംജി സർവകലാശാല യൂണിയൻ നടത്തുന്ന നാഷണൽ കോൺഫറൻസ് . ഇതിൻറെ ഭാഗമായി ആദ്യമിറക്കിയ പോസ്റ്ററിൽ ആണ് പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയത്. ഡൽഹിയിലെ സിജെപി സമരം നടന്നതിന് പിന്നാലെയായിരുന്നു ഇത്. ഇതോടെ സർവകലാശാല യൂണിയനോട് വിശദീകരണം ചോദിച്ചു. ഇതിന് നൽകിയ മറുപടി തൃപ്തികരമായിരുന്നില്ല എന്നാണ് സർവകലാശാല കണ്ടെത്തിയത്. ഇതേ തുടർന്നാണ് അനുവദിച്ച തുക തിരിച്ചടയ്ക്കാൻ ഉത്തരവിട്ടത്. എന്നാൽ ഈ നടപടി രാഷ്ട്രീയമായിട്ടാണ് സ്റ്റുഡൻസ് യൂണിയൻ കാണുന്നത്. അതുകൊണ്ടുതന്നെ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം.നാളെ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ് . ഈ സമയം ഫണ്ട് തിരിച്ചടയ്ക്കാൻ സാധ്യമല്ലെന്നും യൂണിയൻ വ്യക്തമാക്കുന്നു. രാജ്യത്ത് നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമാകാതിരിക്കാൻ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് ആകില്ലെന്നും ഇവർ പറഞ്ഞു.