ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യ ഹർജിയെ എതിർത്ത് ഇഡി ഹൈക്കോടതിയിൽ. ഇഡി അന്വേഷണത്തെ തടസ്സപ്പെടുത്താനുള്ള ആക്രമണമാണ് നടന്നത്. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കനായിരുന്നു ലക്ഷ്യമെന്നും ഹർജിയിൽ പറയുന്നു. ഏഴ് പ്രതികളുടെ ജാമ്യ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.
പ്രകോപനം മൂലമുണ്ടായ ആക്രമണമല്ല പിണറായി വിജയന്റെ വീടിന് മുന്നിൽ നടന്നതെന്ന് ഇഡി ഹർജിയിൽ പറയുന്നു. പരിശോധന കഴിഞ്ഞ് മടങ്ങുമ്പോൾ നടത്തിയ ആക്രമണം സമയമെടുത്ത് ആലോചിച്ച ശേഷമാണ് നടന്നത്. ഉദ്യോഗസ്ഥരെെ ആക്രമിക്കുന്നത് ലഘുവായി കാണരുതെന്ന് ഇഡി ഹർജിയിൽ ആവശ്യപ്പെട്ടു. കേസിൽ ആകെ ഉണ്ടായിരുന്ന 25 പ്രതികളിൽ ഒരാൾക്ക് മാത്രമാണ് ജാമ്യം ലഭിച്ചത്. ബാക്കി 24 പേരും 68 ദിവസമായി ജയിലാണ്.മെയ് 27നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ടിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ ആക്രമിച്ചത്. പ്രതികളുടെ ജാമ്യപേക്ഷ തിരുവനന്തപുരത്തെ കോടതികൾ തള്ളിയത്തോടെയാണ് ഹൈകോടതിയെ സമീപിച്ചത്. ഒൻപതാം പ്രതി ഹരീഷ് കുമാറിന് മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചത്. ഇയാളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപീൽ ഹൈകോടതിയുടെ പരിഗണനയിലാണ്. സിപിഐഎം പ്രവർത്തകൻ നിതിൻ രാജാണ് കേസിലെ ഒന്നാം പ്രതി.









