നാലു മാസമായി തുടരുന്ന നഴ്സസ് സമരത്തിനോട് മുഖം തിരിക്കുന്ന ജൂബിലി മിഷൻ ആശുപത്രി മാനേജ്മെന്റിനെതിരെ സമരം കടുപ്പിച്ച് നഴ്സുമാർ. ആശുപത്രിയുടെ അത്യാഹിത വിഭാഗം ഗേറ്റ് യുഎൻഎയുടെ നേതൃത്വത്തിൽ ഉപരോധിക്കുകയാണ്. അത്യാഹിത വിഭാഗത്തിലേക്ക് വരുന്ന ആംബുലൻസുകൾ അടക്കമുള്ളവ മറ്റു ഗേറ്റുകൾ വഴി തിരിച്ചു വിടുകയാണ്.
മൂന്നു മാസത്തിൽ അധികമായി തുടരുന്ന നഴ്സസ് സമരം. ഇടക്കാല ശമ്പള വർദ്ധനവ് എന്ന ആവശ്യത്തോട് സംസ്ഥാനത്തെ യുഎൻഎ അല്ല പ്രവർത്തിക്കുന്ന മറ്റ് ആശുപത്രികൾ വഴങ്ങിയെങ്കിലും വഴങ്ങാതിരുന്നത് അമല ജൂബിലി ആശുപത്രി മാനേജ്മെന്റായിരുന്നു. പിന്നീട് ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ അമല ആശുപത്രിയിലെ സമരം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ നഴ്സുമാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ ജൂബിലി മിഷൻ മെഡിക്കൽ കോളജ് മാനേജ്മെൻറ് തയ്യാറായില്ല. ഇന്നലെ മുതൽ ആശുപത്രിക്ക് മുൻപിൽ ആരംഭിച്ച രാപ്പകൽ സമരം ഇന്ന് ഉച്ചതിരിഞ്ഞതോടെ അത്യാഹിത വിഭാഗം ഗേറ്റ് ഉപരോധ സമരത്തിലേക്ക് വഴിമാറി.
ആശുപത്രി മാനേജ്മെൻറ് ഓരോ തവണയും തങ്ങളെ കബളിപ്പിക്കുകയാണെന്നും സമരം ജൂബിലി മിഷൻ ആശുപത്രിയുടെ മറ്റു ഗേറ്റുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും യു എൻ എ വ്യക്തമാക്കി. സ്ഥിതിഗതികൾ രൂക്ഷമായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ആശുപത്രി മാനേജ്മെന്റുമായുള്ള ചർച്ച തുടരുകയാണ്.









