Headlines

മാസങ്ങൾക്ക് മുൻപ് വാങ്ങിയ 20 ലക്ഷത്തിന്റെ എസ്‌യുവി ഇഷ്ടമായില്ല; ഇന്നോവ വേണമെന്ന് കൗൺസിലർമാർ

 

മുംബൈ ∙ മാസങ്ങൾക്ക് മുൻപ് വാങ്ങിയ 20 ലക്ഷം രൂപവീതം വിലവരുന്ന എസ്‌യുവി വാഹനങ്ങൾക്ക് യാത്രാസുഖം പോരെന്ന് മുംബൈ മുനിസിപ്പൽ കോർപറേഷനിലെ (ബിഎംസി) കൗൺസിലർമാർ. ഡപ്യൂട്ടി മേയർ, പ്രതിപക്ഷ നേതാവ് എന്നിവരുൾപ്പെടെയുള്ള കൗൺസിലർമാർക്കും പ്രധാന ഉദ്യോഗസ്ഥർക്കും വേണ്ടി കഴിഞ്ഞ ഫെബ്രുവരിയിലാണ് 13 പുത്തൻ എസ്‌യുവികൾ വാങ്ങിയത്. 2 കോടിയിലധികം രൂപയാണ് ഇതിനായി ചെലവിട്ടത്. എന്നാൽ മേയർ ഉൾപ്പെടെയുള്ള നേതാക്കൾ ഇന്നോവ ക്രിസ്റ്റ കാറുകളാണ് ഉപയോഗിക്കുന്നത്.തങ്ങൾക്ക് അനുവദിച്ചിട്ടുള്ള വാഹനത്തിൽ സഞ്ചരിക്കുമ്പോൾ നടുവേദന എടുക്കുന്നു എന്നാണ് കൗൺസിലർമാർ പരാതി നൽകിയത്. ഇതേതുടർന്ന് ആറ് പുതിയ ഇന്നോവ കാറുകൾ വാങ്ങാനാണ് തീരുമാനമായത്. ഡപ്യൂട്ടി മേയർ, പ്രതിപക്ഷ നേതാവ്, ആരോഗ്യ കമ്മിറ്റി ചെയർമാൻ, വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നിവർക്കും പ്രധാന ഉദ്യോഗസ്ഥർക്കുമായിട്ടാണ് ഇന്നോവകൾ വാങ്ങുന്നത്. ആറ് മാസത്തിനുള്ളിൽ വീണ്ടും പുത്തൻ കാറുകൾ വാങ്ങുന്നതിൽ പ്രതിപക്ഷം അടക്കം വിമർശനം ഉന്നയിച്ചു. കോർപറേഷനെ കൊള്ളയടിക്കുകയാണെന്നാണ് അവർ പരാതിപ്പെട്ടത്.