‘CJP സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് കേരളത്തില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കണം’

 

തിരുവനന്തപുരം: സിജെപി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് കേരളത്തില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സമരം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായി എല്ലാ കേസുകളും പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിട്ടും കേരളത്തില്‍ അത്തരമൊരു തീരുമാനം യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

 

ഡല്‍ഹിയില്‍ അവസാനഘട്ടത്തില്‍ മുഖ്യമന്ത്രി ലോക്‌സഭാ പ്രതിപക്ഷ നേതാവിനൊപ്പം പ്രതിഷേധസമരത്തിനോട് അവിടെ ഐക്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന കേരളത്തിലെ സര്‍ക്കാര്‍, ഡല്‍ഹി സമരത്തിന് പിന്തുണ നല്‍കിക്കൊണ്ട് ഒത്തുചേര്‍ന്നവര്‍ക്കെതിരെ വ്യാപകമായി കേസെടുത്തത് ഔചിത്യപരമല്ല. സമാധാനപരമായി നടന്ന പ്രതിഷേധങ്ങളുടെയും സാംസ്‌കാരിക കൂട്ടായ്മകളുടെയും ഭാഗമായവര്‍ക്ക് എതിരെ പോലും കള്ളക്കേസുകള്‍ വന്നിരിക്കുന്നു എന്നത് അങ്ങേയറ്റം അപലപനീയമാണ്. എറണാകുളത്ത് പ്രതിഷേധവുമായി ഒത്തുകൂടിയ റാപ്പര്‍ വേടനും സംഘത്തിനുമെതിരെ കേസെടുത്തതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.കേന്ദ്ര സര്‍ക്കാര്‍ പോലും വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറായ സാഹചര്യത്തില്‍, കേന്ദ്ര സര്‍ക്കാരിനെതിരെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ പ്രതികളാക്കി കേരളത്തില്‍ എടുത്ത കേസുകള്‍ തുടരുന്നത് ഉചിതമല്ല. വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ കേരള പൊലീസ് ചുമത്തിയിട്ടുള്ള മുഴുവന്‍ കേസുകളും നിരുപാധികം പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.