Headlines

’43 വര്‍ഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ വാര്‍ഷിക ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടന്നിട്ടില്ല’; ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റില്‍ ഗുരുതര പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി

 

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റില്‍ ഗുരുതര പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി. ഓണ്‍ലൈന്‍ വഴിപാടുകള്‍, ഡിജിറ്റല്‍ പണമിടപാടുകള്‍, വിലപിടിപ്പുള്ള വഴിപാടുകളുടെ കണക്കെടുപ്പ് എന്നിവയില്‍ സുതാര്യത ഉറപ്പാക്കാന്‍ നിലവിലെ സംവിധാനം പര്യാപ്തമല്ലെന്ന് കോടതി വിമര്‍ശിച്ചു. ഓഡിറ്റിന് ആവശ്യമായ വിവരങ്ങള്‍ പോലും ലഭിച്ചില്ലെന്നും, 43 വര്‍ഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ വാര്‍ഷിക ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടന്നിട്ടില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം.

 

 

ഭരണ-സാമ്പത്തിക സംവിധാനത്തെ സമഗ്രമായി പഠിക്കാന്‍ വിദഗ്ധ സ്ഥാപനങ്ങളുടെ സേവനം തേടണമെന്നും കോടതി നിര്‍ദേശിച്ചു.

 

അതേസമയം, ഓഡിറ്റില്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍, നിലവിലെ സ്ഥിതിഗതികള്‍ എന്നിവ അറിയിക്കാന്‍ സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ഗുരുവായൂര്‍ ദേവസ്വം ഓഡിറ്റിന്റെ ചുമതലയുള്ള സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടറോട് നാളെ നേരിട്ട് ഹാജരാകാനും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.വഴിപാടായി ലഭിച്ച സ്വര്‍ണ്ണം, വെള്ളി പാത്രങ്ങള്‍, കുങ്കുമം എന്നിവയുടെ കണക്കുകള്‍ കൃത്യമായ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഡിറ്റര്‍ കണ്ടെത്തി.