പൊലീസിൽ വൻ അഴിച്ചുപണി; 161 ഡിവൈഎസ്പിമാരെ സ്ഥലംമാറ്റി

 

തിരുവനന്തപുരം∙ പൊലീസിൽ ഡിവൈഎസ്പിമാരുടെ കൂട്ടസ്ഥലംമാറ്റം നടത്തി ആഭ്യന്തര വകുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ മറ്റു ജില്ലകളിൽ നിയോഗിച്ച ഉദ്യോഗസ്ഥരെ സ്വന്തം ജില്ലയിൽ നിയമിച്ചതടക്കം 161 പേരെയാണു സ്ഥലംമാറ്റിയത്. ഏതാനും അസിസ്റ്റന്റ് കമ്മിഷണർമാരും പട്ടികയിലുണ്ട്.തിരഞ്ഞെടുപ്പ് കാലത്ത് സ്വന്തം ജില്ലയിൽ ഡ്യൂട്ടിക്കു നിയോഗിക്കരുതെന്ന വ്യവസ്ഥ പ്രകാരമാണ് ഏതാനും മാസങ്ങൾ മുൻപ് ഡിവൈഎസ്പിമാരെ മാറ്റിയത്. ഇവരുടെ തിരികെയുള്ള നിയമനം നീണ്ടത് പൊലീസിനുള്ളിൽ അതൃപ്തിക്കു വഴിവച്ചിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് നിയോഗിച്ച സ്ഥലങ്ങളിൽ ഡ്യൂട്ടി ചെയ്തിരുന്ന ഡിവൈഎസ്പിമാരെ യുഡിഎഫ് സർക്കാരിന്റെ താൽപര്യം കൂടി കണക്കിലെടുത്താണു മാറ്റിയത്.സിപിഒ മുതൽ എസ്ഐ വരെയും എസ്പിമാർ മുതൽ ഐപിഎസുകാർ വരെയും ഉള്ളവരുടെ സ്ഥലംമാറ്റം അടുത്തയിടെ നടത്തിയിരുന്നു. ഇൻസ്പെക്ടർമാർ, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവരുടെ സ്ഥലംമാറ്റമാണ് ഇനി ബാക്കിയുള്ളത്