ന്യൂയോർക്ക് ∙ ‘എന്റെ സീറ്റിൽ നിന്ന് എഴുന്നേൽക്കണം, ഇതെന്തൊരു കഷ്ടമാണ്’– അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ സീറ്റിനെ ചൊല്ലിയ തർക്കത്തിനിടെ യാത്രക്കാരൻ പറഞ്ഞ വാക്കുകളാണിത്. യുവ സംരംഭകനായ ജസ്റ്റിൻ എസ്കലോനയാണ് തനിക്ക് നേരിട്ട ദുരനുഭവം സമൂഹമാധ്യമത്തിലൂടെ വിഡിയോ പങ്കുവെച്ച് വെളിപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.ന്യൂയോർക്കിൽ നിന്ന് ലൊസാഞ്ചലസിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. 6എ സീറ്റിലിരുന്ന ജസ്റ്റിൻ എസ്കലോനയും 3എഫിലെ വനിതാ യാത്രക്കാരിയുമാണ് തർക്കത്തിൽപ്പെട്ടത്. സ്വന്തം സീറ്റ് പിന്നിലേക്ക് ചായിക്കാൻ കഴിയാത്തതിനാൽ ജസ്റ്റിന്റെ സീറ്റ് വിട്ടുനൽകണമെന്ന് യുവതി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ അദ്ദേഹം വിസമ്മതിച്ചതോടെ യുവതി ജസ്റ്റിന്റെ സീറ്റിൽ കയറി ഇരിക്കുകയായിരുന്നു.തുടർന്ന് സീറ്റ് ബലമായി പിന്നിലേക്ക് ചായിച്ചതോടെ തർക്കം രൂക്ഷമായി. ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ സീറ്റിൽ നിന്ന് മാറ്റാൻ ശ്രമിക്കുകയാണെന്നും സ്വന്തം സീറ്റ് കൈയേറുകയാണെന്നും പറഞ്ഞ് ജസ്റ്റിൻ മൊബൈൽ ഫോണിൽ സംഭവം പകർത്തിത്തുടങ്ങി. പലതവണ ആവശ്യപ്പെട്ടിട്ടും യുവതി സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം വിഡിയോയിലൂടെ പറയുന്നു.
വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചതിന് പിന്നാലെയാണ് യുവതി സീറ്റ് ഒഴിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ജസ്റ്റിന് പിന്തുണ അറിയിച്ചും യുവതിയുടെ പെരുമാറ്റത്തെ വിമർശിച്ചും നിരവധി പേരാണ് സമൂഹമാധ്യമത്തിൽ പ്രതികരിച്ചത്.








