ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന LPG ടാങ്കർ ആക്രമിക്കപ്പെട്ടു

 

ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന എൽപിജി ടാങ്കർ ആക്രമിക്കപ്പെട്ടതായി വിവരം. കപ്പലിൽ 28 ഇന്ത്യക്കാർ ഉണ്ടെന്നും എല്ലാവരും സുരക്ഷിതരാണെന്നും ടെഹ്‌റാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇറാൻ അമേരിക്ക സംഭാഷണം തുടരുകയാണെന്നും ഇറാനെതിരെ പ്രഖ്യാപിച്ച വലിയ ആക്രമണം ആവശ്യമായി വന്നേക്കില്ലെന്നും ഡോണാൾഡ് ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന്റെ ഭാവിയെക്കുറിച്ച് അടുത്തയാഴ്ച ലണ്ടനിൽ ബ്രിട്ടനും അമേരിക്കയും പങ്കെടുക്കുന്ന ഉന്നതതല യോഗം ചേരും.

 

 

അതേസമയം, കരിങ്കടലിൽ റഷ്യൻ കടലതിർത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന എം.വി. ഒമർഫി എന്ന വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ ശക്തമായി അപലപിച്ചു. വാണിജ്യ കപ്പലുകൾക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

 

ജൂലൈ 18-നാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. 10 ജീവനക്കാരുണ്ടായിരുന്ന കപ്പലിൽ 3 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരിൽ ഒരാളാണ് കൊല്ലപ്പെട്ടത്. മറ്റു രണ്ടുപേരും സുരക്ഷിതരെന്ന് മന്ത്രാലയം അറിയിച്ചു. മരിച്ചയാളുടെ കുടുംബത്തിന് വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. സമുദ്രത്തിലൂടെയുള്ള സ്വതന്ത്ര സഞ്ചാരത്തിനും അന്താരാഷ്ട്ര വ്യാപാരത്തിനുമുള്ള ഭീഷണികൾ അതീവ ഗൗരവമുള്ളതാണെന്ന് ഇന്ത്യ പ്രതികരിച്ചു. നാവിക സഞ്ചാരത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട കക്ഷികൾ തയ്യാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

 

ജൂലൈ 19-ന് യുക്രെയ്നിലെ ഒഡേസ തുറമുഖത്തുനിന്ന് പുറപ്പെട്ട ഗ്വിനിയ-ബിസൗ പതാകയേന്തിയ ‘എം.വി. ഗോൾഡൻ ലിയോ’ എന്ന ചരക്കുകപ്പലിന് നേരെയും സമാനമായ ആക്രമണം നടന്നിരുന്നു. ഈ കപ്പലിലുണ്ടായിരുന്ന അഞ്ച് ഇന്ത്യക്കാരിൽ നാല് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർച്ചയായ ഇത്തരം ആക്രമണങ്ങൾ കരിങ്കടലിലെ സമുദ്രഗതാഗതത്തിനും ജീവനക്കാരുടെയും സുരക്ഷയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്ന് ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. റഷ്യ-യുക്രെയ്ൻ സംഘർഷം വീണ്ടും ശക്തമായതോടെ കടലിലെ ജീവനക്കാരുടെ സുരക്ഷ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.