അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയെന്ന സിപിഎം നേതാവ് പി കെ ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ മുഖ്യമന്ത്രി ഇടപെടുന്നു. കർശന നടപടി സ്വീകരിക്കാൻ അഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി. ശ്രീമതി ടീച്ചറുടെ പരാതി ആഭ്യന്തരമന്ത്രിക്ക് കൈമാറി കൊണ്ടാണ് നിർദേശം നൽകിയത്.
വ്യാജ വാർത്ത പടച്ചവർക്ക് മാപ്പില്ലെന്ന് പി.കെ. ശ്രീമതി. മാന നഷ്ടക്കേസ് ഇന്ന് ഫയൽ ചെയ്യുമെന്നും പി.കെ. ശ്രീമതി പറഞ്ഞു. വാർത്ത നൽകിയ പലരും വിളിച്ചു. സാഷ്ടാംഗം കാലിൽ വീണ് മാപ്പ് ചോദിക്കുന്നു എന്ന് പറഞ്ഞു. പക്ഷെ ഇനി പിന്നോട്ടില്ലെന്നും പി.കെ. ശ്രീമതി പറഞ്ഞു.
അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയെന്ന സിപിഎം നേതാവ് പി കെ ശ്രീമതിക്കെതിരായ പ്രചാരണത്തില്‍, പ്രതികരണവുമായി മുന്‍ എംഎല്‍എ പി ആര്‍ കൃഷ്ണന്റെ മകന്‍ അജിത്. മുന്‍ എംഎല്‍എയുടെ ഭാര്യയെന്ന നിലയില്‍ തന്റെ അമ്മയാണ് പെന്‍ഷന്‍ കൈപ്പറ്റിയിരുന്നത്. പി കെ ശ്രീമതിയെന്നാണ് തന്റെ അമ്മയുടെ പേരെന്നും അജിത് പറഞ്ഞു.
കുന്നംകുളം മുന്‍ എംഎല്‍എയാണ് കോണ്‍ഗ്രസ് നേതാവായിരുന്ന പി ആര്‍ കൃഷ്ണന്‍. അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്രീമതി തൃശൂര്‍ പൂച്ചെട്ടിയിലെ റിട്ടയേഡ് അധ്യാപികയാണ്. ഭര്‍ത്താവ് എംഎല്‍എയായിരുന്നതിനാല്‍ അമ്മ മരിക്കുന്നതുവരെ പെന്‍ഷന്‍ കൈപ്പറ്റിയിരുന്നു. 2020 ല്‍ അമ്മ മരിച്ചു. അതിനുശേഷം ആറു വര്‍ഷമായി ആരും പെന്‍ഷന്‍ കൈപ്പറ്റുന്നില്ലെന്നും അജിത് പറഞ്ഞു.
അതേസമയം തനിക്കും കുടുംബത്തിനുമെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നാരോപിച്ച് പികെ ശ്രീമതി ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞു. ഏതോ എംഎല്‍എയുടെ ഭാര്യയായി നടിച്ച് പെന്‍ഷന്‍ വാങ്ങുന്നുവെന്ന് പ്രചരിപ്പിച്ച് അധിക്ഷേപകരവും അടിസ്ഥാനരഹിതവുമായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ ശക്തമായ നിയമനടപടിയും മാനനഷ്ടക്കേസും ഫയല്‍ ചെയ്യുമെന്ന് അവര്‍ പ്രതികരിച്ചു.







