സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും റമീസിനെയും തൃശ്ശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ രണ്ട് പേരുടെയും ആരോഗ്യ നില സംബന്ധിച്ച് ജയിൽ മേധാവി റിപ്പോർട്ട് തേടി. ഡോക്ടർമാരിൽ നിന്നും വിവരം തേടി റിപ്പോർട്ട് നൽകാനാണ് തൃശ്ശൂരിലെ സുരക്ഷാ ജയിൽ സൂപ്രണ്ടിനും വനിതാ ജയിൽ സൂപ്രണ്ടിനുമാണ് നിർദേശം
പ്രതികളുടെ ആശുപത്രിവാസം സംബന്ധിച്ച് ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് റിപ്പോർട്ട് നൽകാൻ ജയിൽ മേധാവിയുടെ നിർദേശം. നെഞ്ച് വേദനയെ തുടർന്ന് ഇത് രണ്ടാം തവണയാണ് സ്വപ്നയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പച്ചത്. ആറ് ദിവസത്തെ ചികിത്സക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സ്വപ്ന ആശുപത്രി വിട്ടത്.
വീണ്ടും നെഞ്ചുവേദനയെന്ന് പറഞ്ഞാണ് ഇവരെ ഇന്നലെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാര്യമായ പ്രശ്നമില്ലെന്നാണ് ഡോക്ടർമാരുടെ പ്രതികരണം. ഇന്ന് മെഡിക്കൽ ബോർഡ് ചേരുന്നുണ്ട്. അതിന് ശേഷമാകും ഡിസ്ചാർജ് ചെയ്യുന്നതിൽ തീരുമാനമാകുക. ആശുപത്രിയിൽ വെച്ച് നിരവധി ഉന്നതരുമായി സ്വപ്ന ഫോണിൽ സംസാരിച്ചതായും ആരോപണമുണ്ട്. സ്വപ്നക്ക് പിന്നാലെ റമീസിനെയും ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.