ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് ജൂലൈ 21ന് നടത്തിയ പ്രതിഷേധത്തെ വിമര്‍ശിച്ച് സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി അംഗ്മോ. കോണ്‍ഗ്രസ് പ്രതിഷേധം ആത്മാര്ഥതയില്ലാത്തതെന്നാണ് വിമര്‍ശനം. വിദ്യാര്‍ഥികള്‍ക്കൊപ്പം ജന്തര്‍ മന്തറിലായിരുന്നു രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിക്കേണ്ടിയിരുന്നത്. എന്നാല്‍ അതിന് പകരം അവര്‍ പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിലാണ് പ്രതിഷേധം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച പ്രതികരണത്തിലാണ് ഗീതാഞ്ജലിയുടെ വിമര്‍ശനങ്ങള്‍. (Lacked sincerity says Sonam Wangchuk’s wife on Congress protest)
സോനം വാങ്ചുക്കിന്റെ സത്പേരിനെ ചൂഷണം ചെയ്യാനാണ് ചില രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കുന്നതെന്നും ഗീതാഞ്ജലി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ വസിതിയിലേക്ക് നടത്തിയ പ്രതിഷേധത്തില്‍ ആത്മാര്‍ഥതയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഇനിയും ജനങ്ങളെ പറ്റിക്കാനാകില്ല. ഇത് ഉണരുന്ന ഇന്ത്യയാണ്. ആത്മാര്‍ഥതയില്ലാത്തവരെ ഇവിടുത്തെ യുവാക്കള്‍ മനസിലാക്കുകയും തള്ളിക്കളയുകയും ചെയ്യുമെന്നും ഗീതാഞ്ജലി പറഞ്ഞു. വിദ്യാഭ്യാസ പ്രവര്‍ത്തകയും സോഷ്യല്‍ എന്ട്രെപ്രെണറുമാണ് ഗീതാഞ്ജലി.രാജ്യത്തെ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തിലായിരിക്കണം രാജ്യത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടേണ്ടതെന്നും അല്ലാതെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധത്തിലാകരുതെന്നും ഗീതാഞ്ജലി ചൂണ്ടിക്കാട്ടി. സോനം വാങ്ചുക്ക് എന്നയാളുടെ ഇമേജ് എന്തെങ്കിലും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. വിദ്യാര്‍ഥി പ്രതിഷേധം വളരെ സമാധാനപരമായാണ് നടക്കുന്നത്. അവര്‍ അക്രമാസക്തരാകുന്നു എന്ന തരത്തിലുള്ള പ്രചാരണം തികച്ചും വസ്തുതാ വിരുദ്ധമാണെന്നും ഗീതാഞ്ജലി കൂട്ടിച്ചേര്‍ത്തു.








