Headlines

‘മുഖ്യമന്ത്രി നിയമം ലംഘിച്ചു, മാപ്പ് പറയണം’; കെപിസിസി ഓഫിസിലേക്ക് ബിജെപി മാർച്ച്

 

തിരുവനന്തപുരം∙ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ കോൺഗ്രസ് നടത്തിയ സമരത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ കെപിസിസി ഓഫിസിലേക്കു മാർച്ച് നടത്തി. ബാരിക്കേഡ് വച്ച് പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറി പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രവർത്തകരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടിൽ കയറി അക്രമം നടത്താനാണ് ശ്രമം നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.പ്രധാനമന്ത്രിയെ ലക്ഷ്യമിടാനും അട്ടിമറിക്കാനും ശ്രമിച്ചാൽ അംഗീകരിക്കില്ല. നീറ്റ് പരീക്ഷാക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പ്രധാനമന്ത്രി ഇടപെട്ട് പുനഃപരീക്ഷ ഉൾപ്പെടെ എല്ലാ കാര്യങ്ങളും ചെയ്തുവെന്നും ചർച്ചകൾക്ക് തയാറാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. കുട്ടികളുടെ പേരിൽ കോൺഗ്രസ് മുതലെടുപ്പിനു ശ്രമിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. സംസ്ഥാന മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രധാനമന്ത്രിയുടെ വീടിനു മുന്നിൽ സമരം ചെയ്യുക വഴി നിയമം ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം മാപ്പ് പറയണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. മേയർ വി.വി.രാജേഷ്, എംഎൽഎമാരായ വി.വി.ഗോപകുമാർ, വി.മുരളീധരൻ, മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, എസ്.സുരഷ് തുടങ്ങിയവർ പങ്കെടുത്തു.