Headlines

‘ജന്തർ മന്തറിൽ നേരിട്ടെത്തിയാൽ ചർച്ച; നഡ്ഡയുമായുള്ള ചർച്ച വെറുതെ സമയം കളഞ്ഞു’

 

ന്യൂഡൽഹി∙ കേന്ദ്രസർക്കാരുമായുള്ള ചർച്ചയ്ക്ക് ഉപാധികൾവച്ച്‌ കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ജന്തർ മന്തറിൽ നേരിട്ടെത്തി ചർച്ചയ്ക്കു തയാറാകണമെന്ന് സിജെപി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാർക്കോ കേന്ദ്ര സർക്കാരിന്റെ പ്രതിനിധികൾക്കോ പൊലീസിനോ ചർച്ചയിൽ പങ്കെടുക്കാം. നേരത്തെ കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയുമായി സിജെപി പ്രവർത്തകർ ചർച്ച നടത്തിയിരുന്നു. എന്നാൽ നഡ്ഡയുമായുള്ള ചർച്ച വെറുതെ സമയം കളഞ്ഞെന്നും കൂടിയാലോചന നടത്തി തീരുമാനം പറയാമെന്നു പറഞ്ഞ് നഡ്ഡ കബളിപ്പിച്ചെന്നും സിജെപി ആരോപിച്ചു. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരാണു മന്ത്രിയുമായി ചർച്ച നടത്തിയത്. സമരം അവസാനിപ്പിക്കണമെന്നായിരുന്നു മന്ത്രിയുടെ അഭ്യർഥന. എന്നാൽ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പിന്മാറില്ലെന്നു സിജെപി നേതാക്കൾ വ്യക്തമാക്കി.പ്രധാന്റെ രാജി: കത്ത് നൽകി

 

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്വമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക എന്ന ആവശ്യത്തിനു പുറമേ മറ്റു 2 ആവശ്യങ്ങൾ കൂടി ഉൾപ്പെടുന്ന കത്ത് സിജെപി പ്രതിനിധികൾ മന്ത്രിക്കു നൽകിയിരുന്നു. നിരാഹാര സമരത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്കു മാറ്റിയ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകിനെ വിട്ടയയ്ക്കുക, നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ മാനസിക വിഷമത്തിൽ ആത്മഹത്യ ചെയ്ത എല്ലാ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക എന്നിവയാണു മറ്റ് ആവശ്യങ്ങൾ.ഒഴിപ്പിച്ചു, തിരിച്ചെത്തി

 

അതേസമയം, ഡൽഹി പൊലീസ് ഒഴിപ്പിച്ച ജന്തർ മന്തറിലേക്കു തിരിച്ചെത്തി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകർ. അഭിജീത് ദീപ്കെയുടെ നേതൃത്വത്തിൽ ഇന്നു രാവിലെമുതൽ സമരം തുടങ്ങിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് ലാത്തിച്ചാർജ് അടക്കം നടത്തി ബലപ്രയോഗത്തിലൂടെയാണ് സിജെപി പ്രവർത്തകരെ പൊലീസ് നീക്കിയത്. സ്റ്റേജ് പൊളിക്കുകയും ചെയ്തു. പിന്നീട് കേരള ഹൗസിനു സമീപത്തു തുടരുകയായിരുന്ന സമരക്കാർ പ്രതിഷേധ മാർച്ചായാണ് രാത്രി ഒൻപതരയോടെ ജന്തർമന്തറിൽ തിരികെയെത്തിയത്. പൊലീസ് പൊളിച്ച സ്റ്റേജ് കയ്യടക്കിയ സമരക്കാർ, ബാനറുകളടക്കം പുനഃസ്ഥാപിച്ച് സമരം തുടർന്നു. വൈദ്യുതി ഇല്ലാത്തതിനാൽ സമരവേദിയിലാകെ ഇരുട്ടായിരുന്നു. സർക്കാരിൽനിന്ന് ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണു സമരം ശക്തമാക്കുന്നതെന്ന് സിജെപി നേതാക്കൾ പറഞ്ഞു.