ന്യൂഡൽഹി ∙ ആണവോർജ മേഖലയിൽ സ്വകാര്യ പങ്കാളിത്തം സുഗമമാക്കുന്ന ‘ശാന്തി നിയമം’ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ തയാറാക്കുന്നത് പുരോഗമിക്കുമ്പോഴാണ് കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകൾ ചോർന്നുവെന്ന വാർത്ത വന്നിരിക്കുന്നത്. ഭാഗിക ചോർച്ചയുണ്ടായെന്ന് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ സ്ഥിരീകരിച്ചെങ്കിലും കേന്ദ്ര സർക്കാർ വിശദീകരണത്തിനു തയാറായിട്ടില്ല; ആണവനിലയ പങ്കാളിയായ റഷ്യയും പ്രതികരിച്ചിട്ടില്ല.
കൂടംകുളത്തെ 3, 4 യൂണിറ്റുകളുടെ നിർമാണവുമായി ബന്ധപ്പെട്ടതല്ലാതെ, പദ്ധതി സംബന്ധിച്ച തന്ത്രപ്രധാന വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ ആദ്യ വിലയിരുത്തലിൽ സൂചിപ്പിക്കുന്നത്. വിവരങ്ങളുടെ ചോർച്ച ആണവനിലയത്തിന്റെ സുരക്ഷയെ ബാധിക്കുന്നതല്ലെന്ന് ആണവോർജ കോർപറേഷന്റെ (എൻപിസിഐഎൽ) ആക്ടിങ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.രാജേഷ് പറഞ്ഞു.ഇപ്പോൾ ചോർന്നിട്ടുള്ളത് സ്വകാര്യ കമ്പനിയുടെ പക്കലുള്ള വിവരങ്ങളാണ്. അതുകൊണ്ടുതന്നെ, ആണവോർജ യൂണിറ്റുകളുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ സ്വകാര്യ കമ്പനിക്കു മതിയായ ശേഷിയുണ്ടെന്നു സർക്കാർ ഉറപ്പാക്കിയിരുന്നോ എന്ന ചോദ്യം ഉയർന്നിട്ടുണ്ട്.
1990 മുതലുള്ള കണക്കുകളെടുത്താൽ, വിവിധ രാജ്യങ്ങളിലായി ഇരുപതിലേറെ ആണവോർജ കേന്ദ്രങ്ങളിൽ സൈബർ സുരക്ഷാവീഴ്ച സംഭവിച്ചിട്ടുണ്ട്. അട്ടിമറി ശ്രമങ്ങളും ചാരപ്പണിയുമുൾപ്പെടെയാണ് അവയിൽ പലതിനും കാരണമായി സൂചിപ്പിക്കപ്പെട്ടത്. 2019ൽ കൂടംകുളത്തുണ്ടായ സൈബർ ആക്രമണത്തിൽനിന്ന് കേന്ദ്ര സർക്കാർ എന്തു പാഠം പഠിച്ചു, എന്തെങ്കിലും പഠിച്ചെങ്കിൽ അതനുസരിച്ചുള്ള നടപടികളുണ്ടായോ തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നുണ്ട്. ഭാവിയിൽ സൈബർ ആക്രമണങ്ങളുണ്ടാകുന്നതു തടയാൻ കുറ്റമറ്റ സംവിധാനം ഉറപ്പാക്കിയിട്ടുണ്ടെന്നാണ് ആണവോർജ സഹമന്ത്രി ജിതേന്ദ്ര സിങ് അന്നു പാർലമെന്റിൽ പറഞ്ഞത്. അത്തരം സംവിധാനമുണ്ടെങ്കിൽ വീണ്ടും വീഴ്ച സംഭവിച്ചതെങ്ങനെയെന്ന് അടുത്തയാഴ്ച മന്ത്രി പാർലമെന്റിൽ പറയുമെന്നു പ്രതീക്ഷിക്കാം.കൂടംകുളം പണ്ടേ പല വിദേശരാജ്യങ്ങൾക്കും അസ്വസ്ഥതയുണ്ടാക്കുന്ന പദ്ധതിയാണ്. റഷ്യയുമായി ആണവോർജ മേഖലയിൽ വിജയകരമായ രീതിയിൽ സഹകരിക്കുന്നതാണ് പലരെയും അലോസരപ്പെടുത്തുന്നത്. അതിന്റെ ഭാഗമാണ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ചിലതെന്ന് ആരോപണമുണ്ടായിരുന്നു.









