Headlines

സിപിഎം മുഖപത്രത്തിന്റെ പേരിൽ സഹകരണ ബാങ്കിന്റെ വായ്പ; ഒരു കോടിയുടെ തട്ടിപ്പെന്ന് എഫ്ഐആർ

 

ചെറുതോണി ∙ തോപ്രാംകുടി സഹകരണ ബാങ്കിൽ സിപിഎം മുഖപത്രത്തിന്റെ പേരിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി എഫ്ഐആർ. ഒന്നാം പ്രതി സഹകരണസംഘം മുൻ സെക്രട്ടറി സുനിതാകുമാരിയും രണ്ടാം പ്രതി മുൻ സംഘം പ്രസിഡന്റ് ഷൈൻ തോമസും പദവികൾ ദുരുപയോഗം ചെയ്ത്, പാർട്ടി പത്രത്തിനു വായ്പയെന്ന പേരിൽ 44 വായ്പകളുടെ പേരിൽ 1,02,31,406 രൂപ മാറിയെടുത്തതായാണു റിപ്പോർട്ടിൽ പറയുന്നത്. വ്യാജ സ്വാശ്രയസംഘം രൂപീകരിച്ച് വേണ്ടത്ര രേഖകളും ഈടുമില്ലാതെ കോടികളുടെ തുക മാറിയെടുത്തതായും പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ അക്കമിട്ടു പറയുന്നു. ഒന്നാം പ്രതി സുനിതാകുമാരി 11 വായ്പകളിലായി 49,25,002 രൂപയുടെ ക്രമക്കേട് നടത്തിയതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മുൻ സംഘം പ്രസിഡന്റും രണ്ടാം പ്രതിയുമായ ഷൈൻ തോമസും 3 മുതൽ 11 വരെയുള്ള പ്രതികളും ചേർന്ന് ഇതേ കാലയളവിൽ കാർഷിക വായ്പയുടെ പേരിൽ ക്രമരഹിതമായി വായ്പകൾ നൽകി 2,95,90,580 രൂപയുടെ തിരിമറി നടത്തിയതായും കണ്ടെത്തി. വിവിധ കാർഷിക വായ്പകളുടെ ഇനത്തിൽ പ്രതികൾ 61,09,976 രൂപ കൈക്കലാക്കിയെന്നും റിപ്പോർട്ടിലുണ്ട്.