Headlines

‘ഒരു മുതിർന്ന സ്ത്രീയായ എനിക്ക് പോലും സുരക്ഷിതത്വമില്ലായ്മ തോന്നി, സ്ത്രീകൾക്കെതിരായി സമൂഹമാധ്യമങ്ങളിൽ അതിക്രമം വർധിക്കുന്നു’; നിയമനിർമാണം നടത്തുമെന്ന് ബിന്ദു കൃഷ്ണ

 

സ്ത്രീകൾക്കെതിരായ സമൂഹമാധ്യമങ്ങളിലെ അതിക്രമം വർദ്ധിക്കുന്നുവെന്ന് മന്ത്രി ബിന്ദു കൃഷ്‌ണ. എല്ലാ സീമകളും ലംഘിച്ചു കൊണ്ടാണ് അതിക്രമങ്ങൾ നടക്കുന്നത്. സ്കൂളിൽ ഒരു പരിപാടിയുമായി ബന്ധപ്പെട്ട എത്തിയപ്പോഴാണ് എൻറെ ദൃശ്യം പകർത്തുന്നത്. ഇത്രയും കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പോലും മുഖമില്ലാതെ എന്റെ ചിത്രം പകർത്തി.

 

 

ഒരു മുതിർന്ന സ്ത്രീയായ എനിക്ക് പോലും അവിടെ സുരക്ഷിതത്വമില്ലായ്മ തോന്നി. ദൃശ്യങ്ങൾ പകർത്തിയ മാനസികാവസ്ഥ എത്ര പൈശാചികമാണ്. നിയമനിർമാണത്തിന് ആലോചനയുണ്ട്. ഓൺലൈൻ മാധ്യമങ്ങളെയും ക്യാമറ കണ്ണുകളെയും നിയന്ത്രിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

കഴിഞ്ഞ ദിവസം മന്ത്രിയായിരുന്നിട്ടും ഒരു പരിപാടിക്കിടെ മുഖം ഉൾപ്പെടുത്താതെ തന്റെ ശരീരത്തിന്റെ ചിത്രം മാത്രം പകർത്തിയെന്നും ചിത്രം പിന്നീട് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തുവെന്നും വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദു കൃഷ്ണ രംഗത്തെത്തിയിരുന്നു.കൊല്ലത്ത് ഒരു സ്‌കൂളിലെ പരിപാടിക്കിടെ ആയിരുന്നു സംഭവമെന്നും മന്ത്രി പറഞ്ഞു. ഇത് കണ്ട ചിലർ പ്രശ്നമുണ്ടാക്കി ചിത്രം ഡിലീറ്റ് ചെയ്യിച്ചെങ്കിലും മറ്റു ചിലർ സ്ക്രീൻ ഷോട്ട് എടുത്തു. മന്ത്രിയായ തന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്താകുമെന്നും ബിന്ദു ക‍ൃഷ്ണ ചോദിച്ചു.

 

‘’ഒരു സ്കൂളിൽ പോയപ്പോള്‍, ഞാനൊന്നും അറിയുന്നില്ല, അവിടെയിരിക്കുന്ന ഒരാള്‍, ഞാൻ ആളിനെയൊന്നും പറയുന്നില്ല. ഒരാള്‍ ഫോട്ടോയെടുത്തു. അപ്പോള്‍ തൊട്ടുബാക്കിൽ നിൽക്കുന്ന ആള്‍ കാണുന്നുണ്ട്. മുഖം സൂം ചെയ്യുന്നില്ല, ബോഡിയാണ് സൂം ചെയ്യുന്നത്. അപ്പോത്തന്നെ അടുത്ത് നിന്ന ആള്‍ പറഞ്ഞ് അതങ്ങ് മാറ്റി. പിന്നീട് കുഴപ്പമുണ്ടാകില്ലെന്ന് വിചാരിച്ചു, പക്ഷേ അയാള്‍ പോസ്റ്റ് ചെയ്തതിൽ ഈ ബോഡി ഉണ്ട്. പിന്നീട് അത് വലിയ വിഷയമാക്കി അയാളത് ഡിലീറ്റ് ചെയ്തു. എങ്കിലും ആളുകള്‍ അതിന്‍റെ സ്ക്രീൻ ഷോട്ട് എടുത്ത് ബന്ധപ്പെട്ട മാനേജ്മെന്‍റിനെയൊക്കെ അറിയിച്ചു.’’- ബിന്ദു ക‍ൃഷ്ണ പറഞ്ഞു.